സിം യൂസര്‍മാരുടെ കണ്ണുതള്ളിക്കുന്ന പുതിയ റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ചിട്ടും ബിഎസ്എന്‍എല്ലിനെതിരെ ഉപയോക്താക്കളുടെ പരാതിപ്രളയം
ദില്ലി: ബജറ്റ് സൗഹൃദ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്ന പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലില്‍ നിന്ന് മറ്റൊരു ആകര്‍ഷകമായ പാക്കേജ് കൂടി. ഒരു മാസത്തെ വാലിഡിറ്റിയില്‍ 299 രൂപയ്ക്ക് ദിനംപ്രതി മൂന്ന് ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഈ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനില്‍ നല്‍കുന്നത്. ഇതിനൊപ്പം ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.
299 രൂപയാണ് ബിഎസ്എന്‍എല്ലിന്‍റെ 30 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന റീചാര്‍ജ് പ്ലാനിന്‍റെ വില. ഡാറ്റയും ടോക്‌ടൈമും എസ്എംഎസും ഈ പാക്കിനൊപ്പം ലഭിക്കും. ദിവസവും മൂന്ന് ജിബി ഡാറ്റ ഈ പ്ലാന്‍ വഴി ഉപയോഗിക്കാം. ഇതിന് പുറമെ അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസും ആസ്വദിക്കാം. ഓഫര്‍ ലഭിക്കാനായി ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീചാര്‍ജ് ചെയ്യാം. SwitchToBSNL എന്ന ഹാഷ്ടാഗോടെയാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ വിവരങ്ങള്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. എന്നാല്‍ ബിഎസ്എന്‍എല്ലിന്‍റെ കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഉപയോക്താക്കള്‍ എക്സ് പോസ്റ്റിന് താഴെ പരാതിപ്പെടുന്നത് കാണാം. പലയിടങ്ങളിലും 4ജി ലഭിക്കുന്നില്ലെന്നും ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്.
തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യമാകെ ഒരു ലക്ഷം 4ജി ടവറുകളാണ് സ്ഥാപിക്കാന്‍ ലക്ഷ്യമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്ക് കമ്പനി അടുത്തുകൊണ്ടിരിക്കുകയാണ്. ബിഎസ്എന്‍എല്‍ 84,000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തോടെ 4ജി ടവറുകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തുകയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ ലക്ഷ്യം. ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഈ 4ജി ടവറുകൾ ഉടൻ തന്നെ 5ജി സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. അതേസമയം 4ജി വിന്യാസം പുരോഗമിക്കുമ്പോഴും കോള്‍ ഡ്രോപ്പും, ഡാറ്റ ആക്സസ് ലഭിക്കാത്തതും ഉള്‍പ്പടെയുള്ള കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ നേരിടുന്നതായാണ് ബിഎസ്എന്‍എല്‍ ഉപയോക്താക്കളുടെ വ്യാപക പരാതി.


