Asianet News MalayalamAsianet News Malayalam

ബിഎസ്എന്‍എല്‍ 4ജി വ്യാപനം അടുത്ത നാഴികക്കല്ലില്‍; ഉടന്‍ ആ സന്തോഷ വാര്‍ത്തയെത്തും

രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും പ്രധാന നഗരങ്ങളിലും 4ജി ട്രെയല്‍ ബിഎസ്എന്‍എല്‍ നടത്തിക്കഴിഞ്ഞു
 

BSNL has so far set up around 25000 4G towers across India report
Author
First Published Aug 19, 2024, 3:10 PM IST | Last Updated Aug 19, 2024, 3:17 PM IST

ദില്ലി: ആരംഭിക്കാന്‍ ഏറെ വൈകിയെങ്കിലും പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. 15,000 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചു എന്ന റിപ്പോര്‍ട്ടാണ് മുമ്പ് പുറത്തുവന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടു എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി സേവനം ഉടന്‍ അവതരിപ്പിക്കും എന്ന് മുതിര്‍ന്ന ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞങ്ങള്‍ 4ജി ട്രെയല്‍ എല്ലാ സര്‍ക്കിളുകളിലും നഗരങ്ങളിലും വിജയകരമായി നടത്തി. പരീക്ഷണഘട്ടത്തിലെ ഫലം തൃപ്തിനല്‍കുന്നതാണ്. വാണിജ്യപരമായി 4ജി സേവനം ലോഞ്ച് ചെയ്യാനുള്ള സമയമാണ് ഇനി. ഔദ്യോഗികമായി 4ജി അവതരിപ്പിക്കും മുമ്പ് കുറച്ച് ട്രെയല്‍ കൂടി നടത്തും എന്നും ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

ഓഗസ്റ്റ് ആദ്യം 15,000ത്തിലേറെ 4ജി സൈറ്റുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവയുടെ എണ്ണം 25,000 ആയി. ഇതിനൊപ്പം 4ജി സിമ്മിലേക്ക് ആളുകളെ അപ്ഗ്രേഡ് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. സ്വകാര്യ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും 5ജി വ്യാപനവുമായി മുന്നോട്ടുപോകുമ്പോഴാണ് ബിഎസ്എന്‍എല്‍ 4ജി വ്യാപനം നടത്തിവരുന്നത്. 4ജി കവറേജ് കൂട്ടാന്‍ മറ്റൊരു സ്വകാര്യ കമ്പനിയായ വോഡഫോണ്‍ ഐഡിയ ശ്രമിക്കുന്നു. 

ടാറ്റ ഗ്രൂപ്പും തേജസ് നെറ്റ്‌വര്‍ക്കും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള C-DoT ഉം ചേര്‍ന്നുള്ള കണ്‍സോഷ്യമാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം നടത്തുന്നത്. 4ജി വ്യാപനത്തിന് തൊട്ടുപിന്നാലെ ബിഎസ്എന്‍എല്‍ 5ജി സേവനത്തിനുള്ള നടപടികളും തുടങ്ങും. ഒരു ലക്ഷം 4ജി, 5ജി ടവറുകള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിഎസ്എന്‍എല്‍ നീങ്ങുന്നത്. 

Read more: ഈ ഒരൊറ്റ ബിഎസ്എന്‍എല്‍ റീച്ചാര്‍ജ് മതി ദിവസം കുശാല്‍; എതിരാളികളുടെ ചങ്കിടിപ്പിക്കുന്ന പ്ലാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios