സ്വകാര്യ ടെലികോം സേവനദാതാക്കള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന് ലഭിച്ചത്. ഇക്കാലയളവില്‍ നവീനമായ 4ജി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ ഹൈദരാബാദ് സര്‍ക്കിളിനായി. വീട്ടിലെ ഫൈബര്‍-ടു-ഹോം ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ കഴിയുന്ന 'സര്‍വത്ര' പദ്ധതിയും ഹൈദരാബാദ് സര്‍ക്കിളില്‍ ബിഎസ്എന്‍എല്‍ നടപ്പാക്കിയിട്ടുള്ളതായി ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 

ജൂലൈ ആദ്യം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയും ചെയ്തു. ഇതോടെയാണ് ബിഎസ്എന്‍എല്ലിലേക്ക് പുത്തന്‍ ഉപഭോക്താക്കളുടെ കുത്തൊഴുക്ക് അനുഭവപ്പെട്ട് തുടങ്ങിയത്. ജൂലൈ മാസം മാത്രം 29 ലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് രാജ്യവ്യാപകമായി ലഭിച്ചത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ മൂന്ന് സ്വകാര്യ ടെലികോം സേവനദാതാക്കള്‍ക്കും ഉപഭോക്താക്കളെ നഷ്ടമായപ്പോള്‍ കേരള സര്‍ക്കിളിലും ബിഎസ്എന്‍എല്‍ കുതിപ്പ് കാട്ടി. 

മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പോര്‍ട്ട് ചെയ്തും പുതിയ സിം കാര്‍ഡ് എടുത്തും എത്തിയവരെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിഎസ്എന്‍എല്‍ നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളും ഓഫറുകളും ബിഎസ്എന്‍എല്‍ വച്ചുനീട്ടുന്നു. ഇതിനൊപ്പം 4ജി നെറ്റ്‌വര്‍ക്ക് വ്യാപനത്തിലും ബിഎസ്എന്‍എല്‍ ശ്രദ്ധപുലര്‍ത്തുന്നു. ഇതിനകം 35000ത്തിലേറെ 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചതായി അടുത്തിടെ കമ്പനി സ്ഥിരീകരിച്ചിരുന്നു. 4ജി വിന്യാസം പൂര്‍ത്തിയാക്കി നെറ്റ്‌വര്‍ക്ക് വേഗം വര്‍ധിപ്പിച്ചാല്‍ ബിഎസ്എന്‍എല്ലിന് ഏറെ മെച്ചമുണ്ടാകും എന്നാണ് കണക്കാക്കുന്നത്. 

Read more: 24 ജിബി ഡാറ്റ സൗജന്യം! ഇതിൽ ആളുകൾ വീഴും, ഇല്ലെങ്കില്‍ ബിഎസ്എന്‍എല്‍ വീഴ്‌ത്തും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം