നാല് മാസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം കനത്ത തിരിച്ചടിയേറ്റ് ബിഎസ്എന്‍എല്‍, ശക്തമായി തിരിച്ചെത്തി റിലയന്‍സ് ജിയോ 

ദില്ലി: 2024 ജൂലൈ മാസം സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയ ബിഎസ്എന്‍എല്ലിന് തിരിച്ചടി. നാല് മാസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം നവംബറില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ നഷ്‌ടപ്പെടുത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ മാസം 3.4 ലക്ഷം മൊബൈല്‍ യൂസര്‍മാരെയാണ് ബിഎസ്എന്‍എല്ലിന് നഷ്ടമായത്. 

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായ നാല് മാസം കൊണ്ട് 70 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ ലഭിച്ച ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് നവംബറോടെ ഉപഭോക്താക്കളെ നഷ്ടമായിത്തുടങ്ങി. രാജ്യാവ്യാപകമായി 4ജി സേവനം എത്തിക്കാന്‍ വൈകുന്നതും സേവനങ്ങളിലെ ഗുണമേന്‍മയില്ലായ്‌മയുമാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ പിന്നോട്ടടിപ്പിക്കുന്നത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‌പ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ്എന്‍എല്ലിന്‍റെ കോള്‍ഡ്രോപ്, ഡാറ്റ പ്രശ്‌നങ്ങളെ കുറിച്ച് രാജ്യവ്യാപകമായി പരാതിയുണ്ട്. രാജ്യത്ത് ഏറ്റവും അവസാനം 4ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ച ബിഎസ്എന്‍എല്ലിന് ഇതുവരെ 65000 4ജി ടവറുകളാണ് പ്രവര്‍ത്തനക്ഷമാക്കാനായത്. 2024 നവംബര്‍ വരെ ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ബിഎസ്എന്‍എല്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 9 കോടിയാണ്. 

അതേസമയം ജൂലൈയിലെ നിരക്ക് വര്‍ധനയോടെ നാല് മാസക്കാലം ഉപഭോക്താക്കളെ നഷ്‌ടമായ റിലയന്‍സ് ജിയോ നവംബറില്‍ വരിക്കാരെ തിരിച്ചുപിടിച്ചു. നവംബറില്‍ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ജിയോയ്‌ക്ക് ലഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ജിയോയ്ക്ക് ആകെ 46 കോടി ഉപഭോക്താക്കളുണ്ട്. അതേസമയം ഭാരതി എയര്‍ടെല്ലിന് 11 ലക്ഷവും വോഡാഫോണ്‍ ഐഡിയക്ക് (വിഐ) 15 ലക്ഷവും ഉപഭോക്താക്കളെ 2024 നവംബറില്‍ നഷ്ടമായി. എയര്‍ടെല്ലിന് 38 കോടിയും വിഐയ്ക്ക് 20 കോടിയും ഉപഭോക്താക്കളാണ് രാജ്യത്താകെയുള്ളത്. 

Read more: ബിഎസ്എന്‍എല്‍ 4ജി വിന്യാസം പുതിയ നാഴികക്കല്ലില്‍; 65000 ടവറുകള്‍ പ്രവര്‍ത്തനക്ഷമമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം