ജൂലൈ, ഓ​ഗസ്റ്റ് എന്നീ രണ്ട് മാസങ്ങൾ കൊണ്ട് ആറ് ലക്ഷത്തിലേറെ പുതിയ വരിക്കാരാണ് ബിഎസ്എൻഎല്ലിന് രാജസ്ഥാനിലുണ്ടായത്

ദില്ലി: ജൂലൈ ആദ്യ വാരം രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വ‍ർധിപ്പിച്ചതോടെ പൊതുമേഖല സേവനദാതാക്കളായ ബിഎസ്എൻഎല്ലിനാണ് ലോട്ടറി അടിച്ചത്. സ്വകാര്യ കമ്പനികളുടെ സിം ഉപയോ​ഗിച്ചിരുന്നവർ ബിഎസ്എൻഎല്ലിലെ കുറഞ്ഞ നിരക്കുകൾ കണ്ട് കൂട്ടത്തോടെ പൊതുമേഖല കമ്പനിയുടെ കൂടെക്കൂടുകയായിരുന്നു. സിം പോർട്ട് ചെയ്തും പുതിയ സിം കാർഡ് എടുത്തും ആളുകൾ ബിഎസ്എൻഎല്ലിലേക്ക് ഒഴുകിയെത്തി. ഇതോടെ മിക്ക സംസ്ഥാനങ്ങളിലും ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം കുതിച്ചുയർന്നു. ഇതേ അപ്രതീക്ഷിത മുന്നേറ്റം തന്നെയാണ് രാജസ്ഥാനിലും ബിഎസ്എൻഎല്ലിനുണ്ടായത്. 

ജൂലൈ, ഓ​ഗസ്റ്റ് എന്നീ രണ്ട് മാസങ്ങൾ കൊണ്ട് ആറ് ലക്ഷത്തിലേറെ പുതിയ വരിക്കാരാണ് ബിഎസ്എൻഎല്ലിന് രാജസ്ഥാനിലുണ്ടായത്. പോർട്ട് ചെയ്തും പുതിയ സിം കാർഡ് എടുത്തും ബിഎസ്എൻഎല്ലിനൊപ്പം ചേർന്നവർ ഇതിലുണ്ട്. ഈ നേട്ടം ബിഎസ്എൻഎൽ രാജസ്ഥാൻ വലിയ ആഘോഷമാക്കുകയും ചെയ്തു. പുതിയ ഉപഭോക്താക്കളെ ചേർത്ത ജീവനക്കാർക്ക് ബിഎസ്എൻഎൽ നന്ദി പറഞ്ഞു. ബിഎസ്എൻഎല്ലിൽ വിശ്വാസമർപ്പിച്ച് കണക്ഷൻ എടുത്ത പുതിയ വരിക്കാർക്ക് ബിഎസ്എൻഎൽ രാജസ്ഥാൻ അധികൃതർ നന്ദി പറഞ്ഞു. 

Scroll to load tweet…

2024 ജൂലൈ ആദ്യ വാരമാണ് ബിഎസ്എൻഎൽ ഒഴികെയുള്ള ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചത്. റിലയൻസ് ജിയോ ആയിരുന്നു താരിഫ് നിരക്ക് വർധനവിന് തുടക്കമിട്ടത്. പിന്നാലെ ഭാരതി എയർടെല്ലും വോഡാഫോൺ-ഐഡിയയും (വിഐ) സമാന പാതയിൽ നിരക്കുകൾ കൂട്ടി. ഇത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ പ്രഹരമാണ് നൽകിയത്. ഇതോടെയാണ് ബിഎസ്എൻഎൽ സിമ്മിലേക്ക് ആളുകൾ കൂട്ടത്തോടെ ചേക്കേറിയത്. ആന്ധ്രാപ്രദേശ്, കേരള, കർണാടക തുടങ്ങി വിവിധ സർക്കിളുകളിൽ അനവധി പുതിയ ഉപഭോക്താക്കളെ ചേർക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചിരുന്നു. 4ജി വ്യാപനം പൂർത്തിയായാലും ബിഎസ്എൻഎൽ നിരക്കുകൾ ഉടൻ വർധിപ്പിക്കാൻ സാധ്യതയില്ല എന്നാണ് സൂചന. 

Read more: 4ജി സാംപിൾ മാത്രം, ദാ വരുന്നു ഇ‌ടിമിന്നൽ വേ​ഗത്തിൽ ബിഎസ്എൻഎൽ 5ജി; കാത്തിരുന്ന അപ്ഡേറ്റുമായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം