ബിഎസ്എന്‍എല്‍ 23000 4ജി ടവറുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ 5ജി നെറ്റ്‌വര്‍ക്ക് വിന്യാസത്തിലേക്കും ബിഎസ്എന്‍എല്‍ കടക്കും.
ദില്ലി: രാജ്യത്ത് ബിഎസ്എന്‍എല്‍ 23,000 അധിക 4ജി സൈറ്റുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ 5ജി വിന്യാസം പിന്നാലെയുണ്ടാകുമെന്നും പെമ്മസാനി അറിയിച്ചതായി ഇക്കണോമിക് ടൈംസ് ടെലികോം റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ 97,000 4ജി ടവറുകളാണ് ബിഎസ്എന്‍എല്ലിന്‍റെതായി പ്രവര്‍ത്തനക്ഷമമായുള്ളത്. ഇതിന് പുറമെയാണ് 23,000 4ജി ബിടിഎസുകള്‍ കൂടി ബിഎസ്എന്‍എല്‍ അധികൃതര്‍ സജ്ജമാക്കുന്നത്.
ബിഎസ്എന്‍എല്‍ വര കൂടുതല്‍ 4ജി ടവറുകള്‍
രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനായി പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ വിവിധ മാര്‍ഗങ്ങള്‍ ആരായുന്നതായി കേന്ദ്ര സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി വ്യക്താക്കി. സ്വകാര്യ കമ്പനികള്‍ 5ജി ടവറുകള്‍ സ്ഥാപിക്കുകയും റവന്യൂ-ഷെയറിംഗ് മോഡലിന്‍റെ അടിസ്ഥാനത്തില്‍ അവരുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ഇതിലൊരു വഴി. നിലവിലുള്ള 4ജി ടവറുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതാണ് ബിഎസ്എന്‍എല്ലിന് മുന്നിലുള്ള മറ്റൊരു മാര്‍ഗം എന്നും മന്ത്രി വ്യക്തമാക്കി. ഇതിലേക്ക് എത്താന്‍ പരീക്ഷണ പദ്ധതികള്‍ ബിഎസ്എന്‍എല്‍ ആരംഭിച്ചതായും, നെറ്റ്‌വര്‍ക്ക് സംബന്ധിയായ പ്രശ്‌നങ്ങള്‍ ഏറെ പരിഹരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി മന്ത്രി
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യം രൂപീകരിച്ചാണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. ഒരു ലക്ഷം 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ വിന്യസിക്കുന്നതിനായി ടാറ്റ കൺസൾട്ടൻസി സർവീസസിന് ബിഎസ്എന്‍എല്‍ 2023-ല്‍ ഒരു പർച്ചേസ് ഓർഡർ നൽകി. ഇതേത്തുടര്‍ന്ന് രാജ്യത്തെ നാല് പ്രവര്‍ത്തന സോണുകളിലും ബിഎസ്എന്‍എല്‍ 4ജി എത്തിച്ചു. ഇത് വ്യാപിപ്പിക്കുന്നതിന് പുറമെ, 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക എന്നതാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് മുന്നിലുള്ള അടുത്ത ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ ടവറുകള്‍ സജ്ജമാക്കിയത്. വികസന ഘട്ടത്തിലുള്ള സാങ്കേതികവിദ്യയാണ് ഇതെന്നതിനാല്‍ തന്നെ, തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ നെറ്റ്‌വര്‍ക്കില്‍ നേരിട്ടിരുന്നതായും എന്നാല്‍ അവയെല്ലാം പരിഹരിച്ചതായുമാണ് ചന്ദ്രശേഖര്‍ പെമ്മസാനിയുടെ പ്രതികരണം.



