വാട്‌സ്ആപ്പിന്‍റെ വെബ് വേര്‍ഷനില്‍ കൂടുതല്‍ ഫീച്ചറുകള്‍ വരുന്നു. ഓഡിയോ, വീഡിയോ കോളിംഗിന് പുറമെ അവ കണ്‍ട്രോള്‍ ചെയ്യാനുള്ള നോട്ടിഫിക്കേഷന്‍ സൗകര്യവും മെറ്റ അവതരിപ്പിക്കും.
കാലിഫോര്‍ണിയ: ഇനി വാട്‌സ്ആപ്പിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ മാത്രമല്ല, വെബ് പതിപ്പിലും കോളിംഗ് സൗകര്യം ലഭിക്കും. വാട്‌സ്ആപ്പ് വെബില്‍ ഓഡിയോ, വീഡിയോ കോളിംഗ് അനുവദിക്കുന്ന ഫീച്ചറിന്‍റെ പണിപ്പുരയിലാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ എന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ കിറുകൃത്യമായി ഉപയോക്താക്കളെ അറിയിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് വാബീറ്റ ഇന്‍ഫോ. അതിനാല്‍ തന്നെ, വാട്‌സ്ആപ്പ് വേബിലേക്ക് കോളിംഗ് സൗകര്യം ഉടനെത്തുമെന്ന് ഉറപ്പിക്കാം. കോളിംഗിന് പുറമെ, കോളിംഗ് നോട്ടിഫിക്കേഷനുകള്‍ മാനേജ് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പ് വെബ് അണിയറയില്‍ ഒരുക്കുന്നുണ്ട്.
വാട്‌സ്ആപ്പ് വെബിലും വീഡിയോ, ഓഡിയോ കോളിംഗ്
മറ്റ് ഡെസ്‌ക്‌ടോപ്പ് ആപ്പുകളുടെ സഹായമില്ലാതെ ബ്രൗസറില്‍ നിന്ന് നേരിട്ട് വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാനുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് വെബില്‍ വരുന്നത്. വ്യക്തിഗത കോളിംഗിന് പുറമെ ഗ്രൂപ്പ് കോള്‍ സൗകര്യവും ഇതില്‍ ഉണ്ടാവുമെന്നാണ് സൂചന. വാട്‌സ്ആപ്പ് വെബില്‍ വീഡിയോ, ഓഡിയോ കോളുകള്‍ വരുന്ന മുറയ്‌ക്ക് അവ മാനേജ് ചെയ്യാനുള്ള ഓപ്ഷനുകളും സെറ്റിംഗ്‌സ് ഓപ്ഷനില്‍ എത്തും. വാട്‌സ്ആപ്പ് വെബിലെ സെറ്റിംഗ്‌സില്‍ ഇന്‍കമിംഗ് കോളുകള്‍ മാനേജ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തും. നിലവില്‍, വ്യക്തിഗത ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും കൈകാര്യം ചെയ്യാനുള്ള ഓപ്ഷനുകള്‍ മാത്രമേ വാട്‌സ്ആപ്പ് വെബിലെ സെറ്റിംഗ്‌സിലുള്ളൂ. എന്നാല്‍ ഈ സെറ്റിംഗ്‌സ് ഓപ്ഷനിലേക്ക് കൂടുതല്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ മെറ്റ കൊണ്ടുവരികയാണ്. വാട്‌സ്ആപ്പ് വെബിലെ ഈ പുതിയ കോളിംഗ്, നോട്ടിഫിക്കേഷന്‍ കണ്‍ട്രോള്‍ സംവിധാനം നിലവില്‍ പണിപ്പുരയിലാണ്. ഇരു ഫീച്ചറുകളും എപ്പോള്‍ വാട്‌സ്ആപ്പ് വെബ് യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് കമ്പനി അറിയിച്ചിട്ടില്ല.
ഫീച്ചറുകള്‍ ഉടന്‍ പ്രത്യക്ഷപ്പെടും
വാട്‌സ്ആപ്പ് വെബില്‍ കോളിംഗ് പിന്തുണ ഫീച്ചര്‍ വ്യാപകമായി അവതരിപ്പിക്കുന്ന അതേ സമയത്ത് തന്നെ കോള്‍ നോട്ടിഫിക്കേഷന്‍ ഫീച്ചറുകള്‍ ലഭ്യമാകും. കോളുകള്‍ വരുന്നത് എളുപ്പത്തില്‍ മനസിലാവുന്ന രീതിയിലായിരിക്കും ഈ നോട്ടിഫിക്കേഷന്‍ സംവിധാനം അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ ടാബുകള്‍ തുറന്നുവച്ച് ജോലി ചെയ്യുന്നവര്‍ക്കും ആശയവിനിമയത്തിനായി വാട്‌സ്ആപ്പിനെ കൂടുതലായി ആശ്രയിക്കുന്നവര്‍ക്കും വാട്‌സ്ആപ്പ് വെബ് പതിപ്പിലെ കോള്‍ നോട്ടിഫിക്കേഷന്‍ ഫീച്ചര്‍ ഗുണകരമാകും. ഉപയോക്താക്കള്‍ക്ക് കോളുകളില്‍ പൂര്‍ണ നിയന്ത്രണം ലഭിക്കുന്ന വിധത്തിലായിരിക്കും ഈ ഫീച്ചര്‍ തയ്യാറാക്കുക. കോള്‍ നോട്ടിഫിക്കേഷന്‍ ഓണാക്കാനും ഓഫാക്കാനുമുള്ള ഓപ്ഷനുമുണ്ടാകാം.



