ദില്ലി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കുന്നു. കേരളത്തിലാണ് ബിഎസ്എന്‍എല്‍ ആദ്യം 4ജി ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. 3ജി സര്‍വ്വീസ് കുറഞ്ഞ ഇടങ്ങളിലാണ് ആദ്യം 4ജി ആരംഭിക്കുക എന്നാണ് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ പറയുന്നത്. പിന്നീട് ഒഡീസയില്‍ ആയിരിക്കും 4ജി സേവനം തുടങ്ങുക.

ഇപ്പോള്‍ തന്നെ ജിയോ, ഏയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവര്‍ 4ജി സേവനം രാജ്യത്ത് നല്‍കുന്നുണ്ട്. 5 മെഗാഹെര്‍ട്സ് സ്പെക്ട്രവും, 2100 എംഎച്ച്ഇസെഡ് ബാന്‍റ്വിഡ്ത്തും ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4ജി രംഗത്തേക്ക് ഇറങ്ങുന്നത്. ഇതേ രീതിയില്‍ വീണ്ടും  5 മെഗാഹെര്‍ട്സ് സ്പെക്ട്രം കൂടി 4ജി സേവനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമാണെന്നാണ് ബിഎസ്എന്‍എല്ലിന്‍റെ കണക്കുകൂട്ടല്‍.

ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ 10 കോടി മൊബൈല്‍ ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിന് ഉണ്ടെന്നാണ് കണക്ക്.  ഇവര്‍ക്കായി 2018 മെയ് മാസത്തിനുള്ളില്‍ 10,000 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്ലിന്‍റെ പദ്ധതി.