സാധാരണ മലയാളം മീഡിയം സ്കൂളില്‍ പഠിച്ച് ആഗോള ഗുരുവായി വളര്‍ന്ന ബൈജുവിന്‍റെ കഥയ്ക്ക് ആത്മാര്‍പ്പണത്തിന്‍റെ തിളക്കമുണ്ട്. അധ്യാപകനാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അവിചാരിതമായി സംഭവിച്ചതാണെന്നും ബൈജു പറയുന്നു.

സ്‌കൂള്‍, കോളജ് പഠനത്തിനു ശേഷം എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ ബൈജു ഐ ടി മേഖലയില്‍ വിദേശത്തടക്കം ജോലി ചെയ്തു. 2003ലെ ഒരു അവധിക്കാലത്ത്, ബാംഗ്ലൂരില്‍ സുഹൃത്തുകള്‍ക്ക് നല്‍കിയ ഒരു പരിശീലനക്കളരിയാണ് ബൈജുവിന്റെ ജീവിതം മാറ്റിമറിക്കുന്നത്.

അവധിക്കാലം ചിലവിടുന്നതിനിടയില്‍ തന്റെ ചില സുഹൃത്തുക്കളെ ഐഐഎം പ്രവേശന പരീക്ഷയായ ക്യാറ്റ് എഴുതുന്നതിനുള്ള പഠനരീതികള്‍ പരിശീലിപ്പിച്ചു ബൈജു. ബൈജുവിനെ പിന്തുടര്‍ന്ന സുഹൃത്തുക്കള്‍ പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി. അങ്ങനെയാണ് ബൈജു ഈ രംഗത്തേക്ക് തിരിയുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം കൂടുതല്‍ തയ്യാറെടുപ്പോടെ നടത്തിയ ക്യാറ്റ് പരശീലനം വിജയം കണ്ടതോടെ കുടുതല്‍ സ്ഥലങ്ങളില്‍ പരിശീലന ക്‌ളാസുകള്‍ തുടങ്ങി. ഒടുവില്‍ വിദേശ ജോലി ഉപേക്ഷിച്ച് ബൈജു മുഴുവന്‍ സമയ പരിശീലകനായി.

2011ലാണ് ബൈജു ആദ്യമായി തന്റെ ക്ലാസ്സുകള്‍ ഇന്റര്‍നെറ്റ് വഴി ആരംഭിക്കുന്നത്. അനൗദ്യോഗികമായി തുടങ്ങിയ കമ്പനിയില്‍ നിരവധി ഐഐഎം വിദ്യാര്‍ത്ഥികള്‍ സഹകാരികളുമായി. 35 പേരില്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ കൂട്ടം 1200 ആയി ഉയര്‍ന്നു. അത് പിന്നെയും വളര്‍ന്നപ്പോഴാണ് എജ്യൂക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് എന്ന ആശയം ഉദിക്കുന്നത്.

തുടര്‍ന്ന് നാല് വര്‍ഷത്തിനു ശേഷം, 2015ല്‍ മൊബൈല്‍ ആപ്പ് തുടങ്ങി. പേര് ബൈജൂസ് ലേണിംഗ് ആപ്പ്. ബൈജുവിന്‍റെയും ബൈജൂസിന്‍റെയും പ്രശസ്‍തി ആഗോളതലത്തിലേക്ക് ഉയര്‍ന്നു. സ്‌കൂള്‍ തലത്തിന് പുറമെ പ്രധാന എന്‍ട്രന്‍സ് പരീക്ഷകളായ ക്യാറ്റ്, മാറ്റ്, ജിമാറ്റ്, നീറ്റ്, ഐഎഎസ് പരീക്ഷകള്‍ക്കും ബൈജൂസ് ആപ്പ് വിദ്യാര്‍ത്ഥികളെ തേടിയെത്തി.

ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ ബൈജൂസ് ലേണിംഗ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നു. കൂടാതെ വിവിധ എന്‍ട്രന്‍സ് ക്ലാസുകള്‍ക്കാവശ്യമായ പരിശീലനങ്ങളും നല്‍കുന്നു. കോച്ചിങ് സെന്ററുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നല്‍കുന്ന ഭീമമായ തുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ക്ലാസുകള്‍ക്ക് കുറഞ്ഞ തുക ബൈജൂസ് ആപ്പിന്റെ പ്രത്യേകതയാണ്.

പഴയ ചോദ്യപേപ്പര്‍ ചെയ്തതു കൊണ്ടോ ഷോര്‍ട്ട് കട്ടുകള്‍ കൊണ്ടോ അല്ല ബൈജുവിന്‍റെ കുട്ടികള്‍ പരീക്ഷകളില്‍ മികവു നേടുന്നത്. വിഷയത്തിന്‍റെ ആഴങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ എളുപ്പം വഴിനടത്തുന്ന അധ്യാപന ശൈലിയിലൂടെയാണ് ഇത് സാധ്യമാക്കുന്നതെന്ന ബൈജു പറയും. 90 ശതമാനം വിദ്യാര്‍ത്ഥികളും ഏകദേശം 40 മിനുട്ടുവീതം ഓരോ സെഷനുകള്‍ക്കു വീതവും ചെലവഴിക്കും. ഇതുവരെ ഏഴ് മില്യണ്‍ ഡൗണ്‍ലോഡുകളുണ്ട് ആപ്പിന്. പണം കൊടുത്ത് ആപ്പുപയോഗിക്കുന്ന 3.5 ലക്ഷം വിദ്യാര്‍ത്ഥികളും ബൈജുവിന് സ്വന്തം.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ഏഷ്യയിലെ ആദ്യ നിക്ഷേപം ബൈജുവിന്‍റെ ബൈജൂസിലായിരുന്നു. 332 കോടി രൂപയാണ് സുക്കര്‍ബര്‍ഗിന്റെയും ഭാര്യ ചാന്‍ സുക്കര്‍ബര്‍ഗിന്റെയും ഉടമസ്ഥതയിലുള്ള സിഎസ്‌ഐ ഇനിഷ്യേറ്റീവ് ബൈജുവിന്റെ കമ്പനിയില്‍ നിക്ഷേപിച്ചത്.

വിദ്യാഭ്യാസ മേഖലയ്ക്ക് ബൈജുവിന്റെ ആപ്പ് വളരെ പ്രയോജനകമാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സഹായമെന്നാണ് നിക്ഷേപാനന്തരം മാര്‍ക് സുക്കര്‍ബര്‍ഗ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

കേവലം സ്നേഹിക്കാന്‍ വേണ്ടി പഠനത്തെ സ്നേഹിപ്പിക്കലല്ല മറിച്ച് പഠനത്തോടുള്ള പേടിയകറ്റലാണ് തങ്ങളുടെ അധ്യാപനത്തിന്‍റെ ലക്ഷ്യമെന്നാണ് ബൈജുവിന്‍റെ പക്ഷം.