ദില്ലി: പേടിപ്പിക്കുന്ന റെക്കോര്‍ഡുകളും കരസ്ഥമാക്കിയാണ് 2016 വിടവാങ്ങിയത്. താപനില ഉയര്‍ന്ന വര്‍ഷം, ചൂടിന് കാരണമായ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളപ്പെട്ട വര്‍ഷം , ഉയര്‍ന്ന സമുദ്ര ജല നിരപ്പ് എന്നിങ്ങനെ പോകുന്നു ആ റെക്കോര്‍ഡുകള്‍. 2015 നെ അപേക്ഷിച്ച് കര/ കടല്‍ താപനില ഉയര്‍ന്ന വര്‍ഷമായിരുന്നു കഴിഞ്ഞ് പോയത്.ഏറ്റവും കൂടുതല്‍ ഹരിത ഗൃഹ വാതകങ്ങള്‍ പുറന്തള്ളപ്പെട്ടതും ഇതേ വര്‍ഷം തന്നെ. 

ഭീതിജനകമായ ഈ സാഹചര്യത്തിലാണ് പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നു എന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. 2015 ലായിരുന്നു പാരിസ് ഉടമ്പടിയില്‍ മുന്‍ പ്രസിഡണ്ട് ഒബാമ ഒപ്പ് വെച്ചത്. അന്തരീക്ഷ താപനില ഉയരുന്നതിന്‍റെ കണക്കുകള്‍ വ്യക്തമാണെങ്കിലും അവയെല്ലാം അവഗണിച്ച് കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്നായിരുന്നു ട്രംപിന്‍റെ കണ്ടുപടുത്തം.

കല്‍ക്കരിയെയും പെട്രോളിയത്തെയും അമിതമായി ആശ്രയിക്കുന്നത് കാര്‍ബണ്‍ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.ഭൂമിയെ മുഴുവനായി ഈ വാതകങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനമാണ് ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പിയര്‍ റിവ്യൂഡ് പബ്ലിക്കേഷന്‍സിന്‍റെ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ പ്രശസ്തരായ 500 ശാസ്ത്രഞ്ജരാണ് റിപ്പോര്‍ട്ട് തയ്യാറിക്കിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായി ചൂട് ഏറ്റവും ഉയര്‍ന്ന വര്‍ഷമായിരുന്നു 2016 എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആര്‍ട്ടിക്ക് അന്‍റാര്‍ട്ടിക്ക് പ്രദേശങ്ങളില്‍ 1981 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 2.0 ഡിഗ്രി സെല്‍ഷ്യസ് താപനില ആയിരുന്നു.എന്നാല്‍ നിലവില്‍3.5 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നിരിക്കുന്നു.