ദില്ലിയില്‍ നടന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം ഫോട്ടോയെടുക്കുമ്പോൾ, എതിരാളികളായ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും പരസ്പരം കൈകൊടുക്കാതെ അകലം പാലിച്ചത് ശ്രദ്ധേയമായി.
ദില്ലി: രാജ്യതലസ്ഥാനം വേദിയായ എഐ ഉച്ചകോടിയിൽ (India AI Impact Summit 2026) നിന്നുള്ള ഒരു കാഴ്‌ച ടെക് ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്. ലോകത്തെ വിവിധ എഐ കമ്പനികളുടെ തലവന്‍മാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കൈകോർത്ത് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. എന്നാല്‍ അടുത്തടുത്ത് നില്‍ക്കുമ്പോഴും പരസ്‌പരം കൈ തൊടാതെ നോക്കുന്ന ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാനും, ആന്ത്രോപിക് മേധാവി ഡാരിയോ അമോഡിയും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. ഇരുവരും തമ്മിലുള്ള 'രസക്കേട്' ടെക് ലോകത്ത് പ്രശസ്‌തമാണെന്നിരിക്കേ ദില്ലിയിലെ ഈ അകല്‍ച്ചയും ചര്‍ച്ചയായി.
ആള്‍ട്ട്‌മാന്‍- ഡാരിയോ പിണക്കം
സാം ആള്‍ട്ട്‌മാന്‍ സ്ഥാപകനായ ഓപ്പൺഎഐ ജീവനക്കാരനായിരുന്നു ഡാരിയോ അമോഡി, റിസർച്ച് വിഭാഗം വൈസ് പ്രസിഡന്‍റ്. 2021-ലാണ് ഓപ്പണ്‍എഐ വിട്ടിറങ്ങി ആന്ത്രോപിക് എന്ന പുത്തന്‍ എഐ സ്റ്റാര്‍ട്ടപ്പ് ഡാരിയോ സ്ഥാപിക്കുന്നത്. ഓപ്പൺഎഐ എന്ന കമ്പനി എഐ വികസനത്തിൽ വേഗത്തിന് പിന്നാലെ പോകുമ്പോൾ സുരക്ഷ മറക്കുന്നുവെന്നായിരുന്നു ഡാരിയോയുടെ അഭിപ്രായം. അതിനാല്‍, കൂടുതൽ സുരക്ഷയുള്ള എഐ മോഡൽ നിർമ്മിക്കാൻ സ്വന്തം കമ്പനി തന്നെ സ്ഥാപിക്കുകയായിരുന്നു ഡാരിയോ അമോഡി എന്നാണ് അവകാശവാദം. എഐ കൊടുങ്കാറ്റില്‍ തുടക്കത്തിലെ ശ്രദ്ധിക്കപ്പെട്ട ആന്ത്രോപിക്, ഓപ്പൺഎഐയുടെ നല്ല എതിരാളിയായി മാറുകയും ചെയ്‌തു.
2023-ൽ ഓപ്പൺഎഐയിൽ നിന്ന് സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ അന്നത്തെ ബോർഡ്, ഡാരിയോ അമോഡിയെ തിരിച്ചു വിളിക്കാന്‍ ശ്രമം നടത്തിയിരുന്നു. ആന്ത്രോപിക്കും ഓപ്പൺഎഐയും തമ്മിൽ ലയിപ്പിക്കാമോയെന്ന് ചോദിച്ചു ഓപ്പണ്‍എഐയുടെ ആ ബോര്‍ഡ് അംഗങ്ങള്‍. എന്നാല്‍ ആ സ്വപ്‌ന ഓഫർ ഡാരിയോ അമോഡി നിരസിച്ചു. പിന്നീട് മൈക്രോസോഫ്റ്റിന്‍റെ ഇടപെടലിൽ ബോർഡ് തന്നെ പുറത്തായതും, സാം ആൾട്ട്മാൻ തിരിച്ച് ഓപ്പൺഎഐയിലെത്തുന്നതും ലോകം കണ്ടു. അഞ്ച് വര്‍ഷം മുമ്പ് 2021-ല്‍ സാം ആൾട്ട്മാനും ഡാരിയോ അമോഡിയും തമ്മിലുണ്ടായ അസ്വാരസ്യവും പിണക്കവും ഈ 2026-ലും തുടരുന്നു എന്നുവേണം ദില്ലിയിലെ എഐ ഉച്ചകോടിയില്‍ നിന്നുള്ള കാഴ്‌ചയില്‍ നിന്ന് മനസിലാക്കാന്‍. ദില്ലിയില്‍ വച്ച് ആള്‍ട്ട്‌മാനും ഡാരിയോയും കൈകോര്‍ത്തിരുന്നുവെങ്കില്‍ അത് എഐ രംഗത്ത് ഒരുപക്ഷേ മറ്റൊരു യുഗപ്പിറവിയായേനേ.
ദില്ലിയിലെ 'ഇന്ത്യ എഐ ഇംപാക്‌റ്റ് സമ്മിറ്റ് 2026'-ല്‍ സാം ആൾട്ട്മാനും ഡാരിയോ അമോഡിക്കും പുറമെ, ഗൂഗിളിന്‍റെയും ആല്‍ഫബറ്റിന്‍റെയും സിഇഒയായ സുന്ദര്‍ പിച്ചൈ, മെറ്റയുടെ ചീഫ് എഐ ഓഫീസര്‍ അലക്‌സാണ്ടര്‍ വാങ് തുടങ്ങിയ പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തു.



