ദില്ലി: ആഗോളതലത്തില്‍ റാംസംവെറസ് ആക്രമണം പടരുന്നതിനിടയില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്. രാജ്യത്തെ എടിഎമ്മുകള്‍ സൈബര്‍ ആക്രമണ ഭീഷണിയിലാണെന്നാണ് പ്രധാനവെല്ലുവിളിയായി ആര്‍ബിഐ അറിയിക്കുന്നത്. രാജ്യത്ത് 40 ശതമാനത്തിലേറെ എടിഎമ്മുകള്‍ ഇപ്പോഴും വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് പിന്‍വലിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇനി ഈ ഒഎസ് അപ്ഡേറ്റ് ചെയ്ത ശേഷം എടിഎമ്മുകള്‍ തുറന്നാല്‍ മതിയെന്നാണ് ആര്‍ബിഐ നിര്‍ദേശം. ഇതോടെ രാജ്യത്തെ പല എടിഎമ്മുകളും അടയ്ക്കപ്പെടാനാണ് സാധ്യത.

അതേ സമയം ലോകം വീണ്ടും സൈബര്‍ ആക്രമണ ഭീതിയിലാണ്. വന്‍നാശം വിതച്ച വാന്നാക്രൈ എന്ന വൈറസിന്‍റെ പുതിയ രൂപം ഇന്ന് റാന്‍സംവേര്‍ പുറത്തുവിടുമെന്ന ആശങ്കയാണ് ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നത്. ഇതിനിടയില്‍ ആവശ്യമായ മുന്‍കരുതല്‍  നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇൻഫര്‍മേഷന്‍ മന്ത്രാലയം ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് നിര്‍ദ്ദേശം നല്‍കി.

150 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തോളം  കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ റാന്‍ംസവേര്‍ ആക്രമണം ഇന്നും വീണ്ടും ഉണ്ടായേക്കാനിടയുണ്ടെന്ന  മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ കമ്പ്യൂട്ടറുകള്‍  ആക്രമിക്കപ്പെടാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വ്യക്തമാക്കി.