മെറ്റ എഐയുടെ വോയിസ് അസിസ്റ്റന്‍റിന് ഇനി ദീപിക പദുക്കോണിന്‍റെ ശബ്‌ദം. ഈ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ബോളിവുഡ് താരമായ ദീപിക പദുക്കോണ്‍.
മുംബൈ: മെറ്റ എഐയുമായി ഇനി സംസാരിക്കുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുക ബോളിവുഡ് താരം ദീപിക പദുക്കോണിന്‍റെ ശബ്‌ദം. മെറ്റ എഐയ്‌ക്കായി സ്റ്റുഡിയോയില്‍ ശബ്‌ദം റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ സഹിതം ദീപിക പദുക്കോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ഹായ്, ഞാന്‍ ദീപിക പദുക്കോണാണ്. ഞാനാണ് മെറ്റ എഐയിലെ അടുത്ത ശബ്‌ദത്തിനുടമ. അതിനാല്‍ ടാപ് ചെയ്യൂ എന്‍റെ ശബ്‌ദത്തിനായി'- എന്നാണ് വീഡിയോയില്‍ ദീപികയുടെ വാക്കുകള്‍. 'മെറ്റ എഐയുടെ ഭാഗമാകാന്‍ കഴിയുന്നത് സന്തോഷമാണ്. എന്‍റെ ശബ്‌ദത്തില്‍ ഇംഗ്ലീഷില്‍ ഇന്ത്യയിലുടനീളവും അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും മെറ്റ എഐ വോയിസ് അസിസ്റ്റന്‍റുമായി ചാറ്റ് ചെയ്യാം'- എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ദീപിക പദുക്കോണ്‍ കുറിച്ചു.
മെറ്റ എഐയ്‌ക്ക് ദീപിക പദുക്കോണിന്‍റെ ശബ്‌ദം
മെറ്റ എഐയുടെ വോയിസ് അസിസ്റ്റന്‍റില്‍ ശബ്‌ദം നല്‍കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ദീപിക പദുക്കോണ്‍. റേ-ബാന്‍ മെറ്റ സ്‌മാര്‍ട്ട് ഗ്ലാസിലുള്‍പ്പടെ ഇനി ദീപിക പദുക്കോണിന്‍റെ ശബ്‌ദവുമായി സംസാരിക്കാം, സഹായം തേടാം. മെറ്റ എഐയെ കൂടുതല്‍ ജനകീയവത്കരിക്കുന്നതിനും വ്യക്തിഗതമാക്കുന്നതിന്‍റെയും ഭാഗമായാണ് വളരെ പോപ്പുലറായ ശബ്‌ദങ്ങളുടെ ഉടമകളെ വോയിസ് അസിസ്റ്റന്‍റിലേക്ക് മെറ്റ കൂട്ടിച്ചേര്‍ക്കുന്നത്. മറ്റ് ഇന്ത്യന്‍ നടിമാര്‍ക്കാര്‍ക്കും മെറ്റ എഐയ്‌ക്ക് ശബ്‌ദം നല്‍കാന്‍ നാളിതുവരെ അവസരം ലഭിച്ചിട്ടില്ല.
സാമൂഹ്യപ്രവര്‍ത്തന രംഗത്തും സജീവമായ ദീപിക
അഭിനയത്തിന് പുറമെ സാമൂഹ്യപ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമാണ് ദീപിക പദുക്കോണ്‍. ദീപിക പദുക്കോണിനെ അടുത്തിടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) ആദ്യ മാനസികാരോഗ്യ അംബാസഡറായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന ‘ദി ലിവ് ലവ് ലാഫ്’ (LLL) എന്ന ഫൗണ്ടേഷന്‍റെ സ്ഥാപക എന്ന നിലയില്‍ കൂടിയാണ് ദീപിക പദുക്കോണിനെ ഈ ചുമതലയിലേക്ക് തിരഞ്ഞെടുത്തത്. ലോക മാനസികാരോഗ്യ ദിനത്തിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം. പൊതുജനാരോഗ്യ രംഗത്ത് മാനസികാരോഗ്യത്തിനും വലിയ പരിഗണന നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദീപിക പദുക്കോണിനെ മാനസികാരോഗ്യ അംബാസഡറായി ആരോഗ്യ മന്ത്രാലയം നിയമിച്ചത്. ഇതില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സോഷ്യല്‍ മീഡിയയിലൂടെ ദീപിക പദുക്കോണ്‍ നന്ദി അറിയിച്ചിരുന്നു.



