ഓപ്പൺഎഐയെ വെല്ലുവിളിക്കാൻ പുതിയൊരു എഐ ഏജന്‍റുമായി ചൈനയുടെ ഡീപ്‍സീക്ക്
സിലിക്കണ്‍ വാലി: ചൈനീസ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ ഡീപ്‍സീക്ക് ഒരു നൂതന എഐ ഏജന്‍റിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. ഡീപ്‌സീക്കിന്‍റെ വരാനിരിക്കുന്ന ഈ എഐ ഏജന്‍റിന് സങ്കീർണ്ണമായ ജോലികൾ കുറഞ്ഞ ഇൻപുട്ട് ഉപയോഗിച്ച് പൂർത്തിയാക്കാൻ കഴിയുമെന്നും കാലക്രമേണ പഠിക്കാനും മെച്ചപ്പെടുത്താനും കഴിയുന്ന വിധത്തിലുള്ളതാകുമെന്നും രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ഉപയോക്താവ് അതിനോട് ഇടപഴകുന്നതിനനുസരിച്ച് പഠിക്കുകയും വളരുകയും ചെയ്യുന്ന സിസ്റ്റം ആണിതെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം നാലാം പാദത്തിലാണ് സവിശേഷ എഐ ഏജന്‍റ് പുറത്തിറക്കാൻ ഡീപ്‌സീക്ക് സ്ഥാപകൻ ലിയാങ് വെൻഫെങ് പദ്ധതിയിട്ടിരിക്കുന്നത്. കൂടുതൽ മേൽനോട്ടമില്ലാതെ സങ്കീർണ്ണമായ പ്രൊഫഷണൽ ജോലികൾ ചെയ്യാൻ കഴിയുന്ന സെമി-ഓട്ടോണമസ് എഐ ഏജന്‍റുമാരെ സൃഷ്‌ടിക്കാൻ പല എഐ കമ്പനികളും ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ലോഞ്ച്. സമീപ മാസങ്ങളിൽ ആന്ത്രോപിക്, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ തുടങ്ങിയ വമ്പൻ കമ്പനികൾ എഐ ഏജന്‍റുകളുടെ പതിപ്പുകൾ പുറത്തിറക്കിയിരുന്നു.
ഒരു സെർച്ചിംഗ് നടത്തുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എഐ ഏജന്‍റുമാർക്ക് ചെയ്യാൻ കഴിയും. മിക്ക കമ്പനികളും ബിസിനസുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ എഐ മികച്ച രീതിയിൽ സംയോജിപ്പിക്കുന്നതിനുള്ള മാർഗങ്ങളായി മോഡലുകളെ അവതരിപ്പിക്കുന്നു. സങ്കീർണ്ണമായ വർക്ക്ഫ്ലോകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും, വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനും, കോഡ് ഡീബഗ് ചെയ്യുന്നതിനും അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് ഇഷ്‌ടാനുസൃത അനുഭവങ്ങൾ നൽകുന്നതിനും എഐ ഏജന്‍റുമാരെ ഉപയോഗിക്കാം.
ജനുവരിയിൽ പുറത്തിറങ്ങിയ ഡീപ്‍സീക്കിന്‍റെ R1 മോഡൽ അതിന്‍റെ കഴിവുകൾ കൊണ്ട് ലോകത്തെ ഞെട്ടിച്ചിരുന്നു. വന്ന വരവില്‍ അമേരിക്കന്‍ ചിപ് ഭീമനായ എന്‍വിഡിയയുടെ ഓഹരിമൂല്യം ഇടിക്കാന്‍ വരെ ഡീപ്‌സീക്കിനായി. ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ മറികടക്കുകയും ചെയ്‌തു ഡീപ്‌സീക്ക് ആർ 1. ഓപ്പണ്‍എഐയുടെ ചാറ്റ്‌ജിപിടി ഓ1നോട് കിടപിടിക്കുന്ന ചാറ്റ്‌ബോട്ടാണ് കുറഞ്ഞ മുതല്‍മുടക്കില്‍ ഡീപ്‌സീക്ക് വികസിപ്പിച്ച ഡീപ്‌സീക്ക് ആർ 1 എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ എന്നാണ് വിലയിരുത്തപ്പെട്ടത്. അതേസമയം, എതിരാളികളെ അപേക്ഷിച്ച് R1 മോഡലിൽ ഡെവലപ്പർ താരതമ്യേന കുറച്ച് അപ്‌ഗ്രേഡുകൾ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. അതോടെ ആരംഭത്തിലെ ശോഭ ഡീപ്‍സീക്കിന്‍റെ R1 മോഡലിന് രാജ്യാന്തര വിപണിയില്‍ തുടരാനായില്ല.

