"സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഏറ്റവും സത്യസന്ധരല്ലാത്തവരാണ് മനുഷ്യന്‍, അവന് ഒരു മുഖംമൂടി കൊടുക്കൂ..അവന്‍ നിങ്ങളോട് സത്യം പറയും"

ഓസ്കാര്‍ വൈല്‍ഡ് ഒരിക്കല്‍ പറഞ്ഞതാണ് ഇത്. ഈ വരികള്‍ ഏറെ ശ്രദ്ധേയമാകുന്നതാണ് ടെക് ലോകത്തെ പുതിയ സെന്‍സേഷന്‍ സറഹ എന്ന ആപ്പ്. അറബിയില്‍ സറഹ എന്നാല്‍ സത്യസന്ധത എന്നാണ് അര്‍ത്ഥം. ഫേസ്ബുക്ക് ട്വിറ്റര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നോക്കിയാല്‍ അതിന്‍റെ ഫീഡില്‍ ഇപ്പോള്‍ സറഹയുടെ സന്ദേശങ്ങള്‍ പലരും പകര്‍ത്തി വച്ചിരിക്കുന്നത് കാണാം. ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും ലഭിക്കുന്ന ആപ്പിന് ആഗോള വ്യാപകമായി വലിയ വരവേല്‍പ്പാണ് കിട്ടുന്നത്.

എന്ത് കൊണ്ട് ഇത് ഇത്രയും ചര്‍ച്ചയാകുന്നു. അതിന് കാരണം ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അതിന്‍റെ സ്വഭാവം തന്നെയാണ്. നിങ്ങള്‍ ആരെന്ന് വെളിപ്പെടുത്താതെ തന്നെ ആര്‍ക്കും എന്ത് സന്ദേശവും അയക്കാം. അപ്രിയമായ സത്യങ്ങള്‍ വ്യക്തിബന്ധത്തിന് ഉലച്ചില്‍ ഇല്ലാതെ പറയാം. പെട്ടെന്ന് കേട്ടാല്‍ നല്ലത് എന്ന് തോന്നുമെങ്കിലും ഇത് അല്‍പ്പം ഭീതിയുണ്ടാക്കുന്നു എന്നതാണ് സത്യം. പേരോ ഊരോ വെളിപ്പെടുത്തേണ്ട എന്ന ആനുകൂല്യം ചിലര്‍ സൈബര്‍ ബുള്ളിങ്ങിനും, ട്രോളിനും വേണ്ടി ഉപയോഗപ്പെടുത്തിയേക്കാം. ഇത് ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആദ്യഘട്ടത്തില്‍ ഈ ആപ്പിന്‍റെ ഉപയോഗം ഒരു തമാശയായി തോന്നിയേക്കാം, എന്നാല്‍ പിന്നീട് ചില സന്ദേശങ്ങള്‍ ഡിപ്രഷന്‍ ഉണ്ടാക്കുന്ന തരത്തില്‍ തന്നെ വളര്‍ന്നേക്കാം. ഉദാഹരണമായി ജോലിസ്ഥലത്ത് തീര്‍ത്തും യോഗ്യനെന്ന് കരുതുന്ന വ്യക്തി, അയാള്‍ സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധമാണെന്നും കരുതുക. എന്നാല്‍ സറഹയില്‍ അയാള്‍ക്ക് അയാളുടെ ജോലി സ്ഥലത്തെ തെറ്റുകള്‍ ചൂണ്ടികാട്ടിയും, അയാളെ ഇകഴ്ത്തിയുമുള്ള സന്ദേശം ലഭിക്കുന്നു എന്ന് കരുതുക. എത്ര തുറന്ന മനസ്ഥിതിക്കാരനായാലും അന്നു മുതല്‍ അയാള്‍ ശരിക്കും കണ്‍ഫ്യൂഷനാകും താല്‍ വിശ്വസ്തരെന്ന് കരുതിയവരില്‍ ആരായിരിക്കും ആ സന്ദേശം അയച്ചത്.. ഈ ആശങ്ക നീണ്ട് ജോലിയിലുള്ള ശ്രദ്ധവരെ നഷ്ടപ്പെടുന്ന രീതിയിലാകാം.

ഇത്തരത്തില്‍ എല്ലാ മേഖലയിലും സംഭവിക്കാം. പ്രത്യേകിച്ച് കൗമരക്കാര്‍ക്കിടയിലാണ് ഈ ആപ്പ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സൈബര്‍ ബുള്ളിംഗിന് പലപ്പോഴും ഇരയാകുന്നത് കൗമരക്കാരാണ്. അതിനുള്ള തുറന്നയിടമാണ് ഈ ആപ്പ് എന്നതാണ് പ്രധാന പ്രത്യേകത.

പ്രമുഖ ടെക് ജേര്‍ണലിസ്റ്റ് സ്നേഹ സാഹ പറയുന്നത് ഇങ്ങനെയാണ്. ഏതാനും മണിക്കൂറുകള്‍ ഉപയോഗിച്ച ശേഷം ഈ ആപ്പ് ഞാന്‍ റിമൂവ് ചെയ്തു, അവര്‍ പറയുന്ന കാരണം ഇങ്ങനെ

"ഈ ആപ്പ് റിമൂവ് ചെയ്ത ശേഷം സ്വന്തം സോഷ്യല്‍ മീഡിയ ഫീഡിലൂടെ പോകുമ്പോള്‍ തന്നെ #Sarahah എന്ന പേരില്‍ കുറേ പോസ്റ്റുകള്‍ കണ്ടതോടെ ഞാന്‍ ഈ ആപ്പ് റിമൂവ് ചെയ്തത് വലിയ കാര്യമാണെന്ന് വ്യക്തമായി"

സറഹ അതിന്‍റെ വിനോദ അംശത്തിന് ഒപ്പം തന്നെ ഭയവും ഉണ്ടാക്കുന്നുണ്ട്. ഒരിക്കലും ഈ അപ്പില്‍ ആദ്യം വരുന്ന സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ദു:ഖമുണ്ടാക്കുന്നവ ആകില്ല. പക്ഷെ പിന്നീട് പൊസറ്റീവ് സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് പണിതരുന്ന സന്ദേശങ്ങളിലേക്ക് വഴിമാറും എന്ന് പറയേണ്ടിവരും.