ഗൂഗിള്‍ ഡോക്ടര്‍ സ്വയം മെച്ചപ്പെടുന്നു

മുംബൈ: ഇന്നത്തെക്കാലത്ത് സ്വയം ചികില്‍സിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അതായത് ശരീരത്തിന് വലിയ സുഖമില്ലെങ്കില്‍ രോഗം എന്താണെന്ന് അറിയാന്‍ സ്വയം ഗൂഗിളില്‍ തിരയും. ചിലര്‍ മരുന്നുകള്‍ പോലും എന്തെന്ന് ഗൂഗിള്‍ വഴി തീരുമാനിക്കും. മെഡിക്കല്‍ രംഗത്തെ നിരവധി വിവരങ്ങള്‍ തരുന്ന സൈറ്റുകള്‍ ഇത്തരം സെര്‍ച്ചിനെ സഹായിക്കുന്നു.

എന്നാല്‍ ചിലപ്പോള്‍ സെര്‍ച്ച് വിവരങ്ങള്‍ തെറ്റായാലോ, തങ്ങളെ പലരും സ്വയം ചികില്‍സയ്ക്ക് ഉപയോഗിക്കുന്നു എന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് സെര്‍ച്ച് എ‍ഞ്ചിനായ ഗൂഗിളിന് അറിയാം. അതിനാല്‍ തന്നെ നല്ല പ്രാക്ടീസ് അല്ലായിരുന്നിട്ടും ഇത് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ചികില്‍സ പിഴവ് മറികടക്കാന്‍ സിംറ്റംസ് സെര്‍ച്ച് (Symptoms Search) എന്ന ഫീച്ചറിലൂടെ രോഗലക്ഷണങ്ങള്‍ സെര്‍ച്ച് ചെയ്താല്‍ രോഗം എന്താകാമെന്ന് വളരെ കൃത്യമായ രീതിയില്‍ കണ്ടെത്താനാവുന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. 

ഡാറ്റാബേസില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് തുടങ്ങിയതായി ഗൂഗിള്‍ വ്യക്തമാക്കി. ചുമയും ശരീര വേദനയും ഉണ്ടെന്ന് ഉപയോക്താക്കള്‍ സെര്‍ച്ച് ചെയ്താല്‍ എന്ത് രോഗമാകാം ഉളളതെന്ന് ആപ്പ് മറുപടി നല്‍കും. രോഗം മാറാന്‍ സ്വയം ചെയ്യാവുന്ന പ്രതിരോധ വഴികളും ഡോക്ടറെ കാണിക്കണോ വേണ്ടയോ എന്ന വിവരങ്ങളും ആപ് നല്‍കും. 

ഇത് പ്രാഥമിക വിവരങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണെന്നും കൃത്യമായ ചികിൽസയ്ക്ക് ഡോക്ടറെ തന്നെ സമീപിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ ഉപയോക്താവിന് ഈ വിവരങ്ങള്‍ എത്രമാത്രം ഉപയോഗപ്രദമാകുമെന്ന് നോക്കാന്‍ ഡോക്ടര്‍മാരുമായി കമ്പനി ചര്‍ച്ച നടത്തി വരികയാണ്.