പാരീസ്‌: ഡ്രോണു(പൈലറ്റ്‌ ഇല്ലാ വിമാനം)കളെ പിടിക്കാന്‍ കഴുകന്മാരുമായി ഫ്രാന്‍സ്‌. ആദ്യഘട്ടത്തില്‍ നാല്‌ കഴുകന്മാരെയാണു രംഗത്തിറക്കിയത്‌. ഡാര്‍ട്ടേനന്‍, ആര്‍ത്തോസ്‌, പോര്‍ത്തോസ്‌, എയര്‍മസ്‌ എന്നിവയെയാണു ഫ്രാന്‍സിലെ സുരക്ഷാ ഏജന്‍സികള്‍ പരിശീലനം നല്‍കിയശേഷം രംഗത്തിറക്കിയത്‌. 

സൈനികക്യാമ്പുകള്‍ കേന്ദ്രീകരിച്ചാകും ഡാര്‍ട്ടേനനും സംഘവും പ്രവര്‍ത്തിക്കുക. ഏതാനുംദിവസം മുമ്പ്‌ ഇറാഖി സൈന്യത്തിനുനേരെ ഡ്രോണുകള്‍ ഉപയോഗിച്ചു ഐ.എസ്‌. ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. 

കഴിഞ്ഞ വര്‍ഷമാണു ഡച്ച്‌ പോലീസ്‌ ഡ്രോണുകള്‍ക്കെതിരേ കഴുകന്മാരെ ഉപയോഗിച്ചു തുടങ്ങിയത്‌. 20 സെക്കന്‍ഡ്‌ കൊണ്ട്‌ 200 മീറ്റര്‍ പിന്നിടാനുള്ള കഴിവാണു "കഴുകനിരീക്ഷണ"ത്തിനു കരുത്ത്‌ പകരുന്നത്‌.