ഇതൊരു വെറും ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ അല്ല, ഇലോണ്‍ മസ്‌ക് ടെസ്‌ല ഡിന്നറിലൂടെ നല്‍കുന്ന അനവധി സേവനങ്ങള്‍, ഒപ്പം ടെസ്‌ലയ്ക്ക് വന്‍ പരസ്യവും

ലോസ് ആഞ്ചെലെസ്: അകത്തും പുറത്തും ആകെ ടെസ്‌ല മയം. ലോസ് ആഞ്ചെലെസിലെ സാന്‍റാ മോണിക്കയില്‍ ലോകത്തെ ആദ്യത്തെ 'ടെസ്‌ല ഡിന്നര്‍' റെസ്റ്റോറന്‍റ് ആരംഭിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ഡ്രൈവ്-ഇന്‍ തീമില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങണമെന്ന 2018ലെ പ്രഖ്യാപനമാണ് ഇതോടെ മസ്‌ക് സഫലീകരിച്ചിരിക്കുന്നത്. ടെസ്‌ലയുടെ സൈബര്‍ട്രക്കിന്‍റെ പല സവിശേഷതകളും ചേര്‍ത്ത് റെസ്‌ട്രോ-ഫ്യൂച്ചറിസ്റ്റിക് തീമില്‍ രണ്ട് നിലകളായാണ് ഈ റെസ്റ്റോറന്‍റ് പണികഴിപ്പിച്ചിരിക്കുന്നത്.

ഡ്രൈവ്-ഇന്‍ തീമിലുള്ള ആദ്യ ചാര്‍ജിംഗ് സ്റ്റേഷന്‍ ലോസ് ആഞ്ചെലെസില്‍ ആരംഭിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്‍റെ ടെസ്‌ല കമ്പനി. ടെസ്‌ല ഡിന്നര്‍ എന്നാണ് ഇതിന്‍റെ പേര്. റെട്രോ-ഫ്യൂച്ചറിസ്റ്റിക് രീതിയിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. 1950-കളിലെ അമേരിക്കന്‍ ശൈലിയിലുള്ള ഡിന്നറും ടെസ്‌ലയുടെ അത്യാധുനികമായ സാങ്കേതികവിദ്യകളും കൂടിച്ചേര്‍ത്ത വിസ്‌മയമാണ് ഈ കെട്ടിടം. ഇത് വെറുമൊരു ഇവി കാര്‍ ചാര്‍ജിംഗ് സ്റ്റേഷനോ, അനുബന്ധമായുള്ള റസ്റ്റോറന്‍റോ അല്ല. പാര്‍ക്കിംഗ് സ്ഥലത്ത് 80 സൈബര്‍ട്രക്ക് കാറുകള്‍ക്ക് ഒരേസമയം ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഈ ടെസ്‌ല ഡിന്നറിലുണ്ട്. 27 മണിക്കൂറും ഫുഡ് ലഭിക്കും. അകത്തും പുറത്തുമായി ഒരേസമയം 250 അതിഥികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ടെസ്‌ല ഒരുക്കിയിരിക്കുന്നു. ബര്‍ഗറുകള്‍, ഗ്രില്‍ഡ്‌ ചീസ്, സാന്‍ഡ്‌വിച്ച്, മില്‍ക്ക്‌ഷേക്ക് തുടങ്ങി അനവധി അമേരിക്കന്‍ ഭക്ഷണവിഭവങ്ങള്‍ ടെസ്‌ല കാറുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ഇവിടെ നിന്ന് കഴിക്കാം. ഇവിടെ ഭക്ഷണം വിളമ്പാന്‍ ടെസ്‌ലയുടെ തന്നെ ഹ്യൂമനോയിഡ് റോബോട്ടുകളുണ്ട്. ഇവി ചാര്‍ജിംഗും ഭക്ഷണവും മാത്രമല്ല, സിനിമകളും ഷോര്‍ട്‌ ഫിലിമുകളും ടെസ്‌ല പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന വലിയ സ്ക്രീനും ഈ കെട്ടിടത്തിലുണ്ട്. അതായത് സൈബര്‍ട്രക്ക് ചാര്‍ജിംഗും സിനിമയും ഭക്ഷണവും ഒരു കുടക്കീഴില്‍ ലഭിക്കും.

മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കാനും മനുഷ്യന്‍റെ തലച്ചോറില്‍ ചിപ്പുകള്‍ ഘടിപ്പിക്കാനും അടക്കം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇലോണ്‍ മസ്‌കിന്‍റെ മറ്റൊരു അഭിമാന പദ്ധതിയാണ് ടെസ്‌ല ഡിന്നര്‍. ടെസ്‌ലയെ സംബന്ധിച്ച് ഇതൊരു വലിയ പരസ്യ പ്രചാരണ തന്ത്രവുമുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തികപാദങ്ങളിലും ടെസ്‌ലയുടെ കാര്‍ വില്‍പന കുറഞ്ഞിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News