ആപ്പിന്‍റെ ചരിത്രത്തിലെ ആദ്യ ഡിജിറ്റല്‍ പേയ്‌മെന്‍റ് സേവനം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എക്സ് അഥവാ പഴയ ട്വിറ്റര്‍
സാൻ ഫ്രാൻസിസ്കോ: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സ് (പഴയ ട്വിറ്റര്‍) ഡിജിറ്റല്‍ പേയ്‌മെന്‍റ് സേവനം അവതരിപ്പിക്കാനൊരുങ്ങുന്നതായി സ്ഥിരീകരണം. ഇതാദ്യമായാണ് എക്സ് അവരുടെ ഒരു ഓണ്‍ലൈന്‍ പേയ്‌മെന്‍റ് ഇന്‍റര്‍ഫേസ് അവതരിപ്പിക്കുന്നത്. 'എക്സ് മണി' എന്ന പേയ്‌മെന്‍റ് സേവനം എക്സില്‍ വരുന്നത് മെറ്റയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിലുള്ള ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനത്തിന് കടുത്ത മത്സരം സമ്മാനിച്ചേക്കും. പേയ്‌മെന്‍റ്, ബാങ്കിംഗ് ഇടപാടുകള്‍ എക്സ് ആപ്പ് വഴി ലഭ്യമാക്കും.
എക്സ് മണി (X Money)
ആപ്പിന്‍റെ ചരിത്രത്തിലെ കന്നി ഡിജിറ്റല്‍ പേയ്‌മെന്‍റ് സേവനം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എക്സ്. എക്‌സ് മണി എന്നായിരിക്കും ഈ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനത്തിന്‍റെ പേര്. ഡവലപ്പര്‍മാരെ ലക്ഷ്യമിട്ട് ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയ ശേഷമാകും എക്സ് മണി എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുക. ആളുകളുടെ പണം നഷ്ടപ്പെടരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ അതീവ ശ്രദ്ധയോടെ മാത്രമേ എക്സില്‍ പേയ്‌മെന്‍റ് സംവിധാനം അവതരിപ്പിക്കൂ എന്ന് മസ്ക് പറഞ്ഞു. 2022 ഒക്ടോബറില്‍ ട്വിറ്ററിനെ ഏറ്റെടുത്ത് എക്‌സ് എന്ന് പുനര്‍നാമകരണം ചെയ്തത് മുതല്‍ എക്സ് മണിയെ കുറിച്ചുള്ള സൂചനകള്‍ പ്ലാറ്റ്‌ഫോമിന്‍റെ സിഇഒ ഇലോണ്‍ മസ്ക് നല്‍കുന്നുണ്ടായിരുന്നു. എക്‌സ് മണി സംവിധാനം എക്സ് പ്ലാറ്റ്‌ഫോമില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് അനായാസം പണമയക്കാനും സ്വീകരിക്കാനും കഴിയും. നിലവില്‍ മെറ്റയുടെ വാട്‌സ്ആപ്പില്‍ ഇത്തരത്തില്‍ പണമിടപാട് സംവിധാനമുണ്ട്.
എക്സ് മണിയില്‍ ക്രിപ്റ്റോകറന്‍സി പേയ്‌മെന്‍റ് സൗകര്യമുണ്ടായിരിക്കുമെന്ന് സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. ബിറ്റ്‌കോയിനായിരിക്കും ഈ പണമിടപാട് സംവിധാനത്തിലെ പ്രധാന രീതികളിലൊന്ന് എന്നാണ് അനുമാനം. സുഗമമായ പണമിടപാടുകള്‍ ഉറപ്പാക്കാന്‍ ഡിജിറ്റല്‍ പേയ്‌മെന്‍റ് രംഗത്തെ ഭീമന്‍മാരായ 'വിസ'യുമായി സഹകരിക്കാന്‍ മസ്കിന്‍റെ എക്സ് ആലോചിക്കുന്നുണ്ട്.
എക്‌സ് എന്ന 'എവരിതിംഗ് ആപ്പ്'
എക്‌സിനെ അനവധി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന എവരിതിംഗ് ആപ്പാക്കായി മാറ്റണമെന്നത് ഇലോണ്‍ മസ്‌കിന്‍റെ സ്വപ്‌നമാണ്. മൈക്രോ ബ്ലോഗിംഗ് അല്ലെങ്കില്‍ മെസേജിംഗ് പ്ലാറ്റ്‌ഫോം എന്നതിനപ്പുറത്തേക്ക് ഒരു വ്യാപാര പ്ലാറ്റ്‌ഫോമായും എക്‌സിനെ മസ്‌ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 2022 ഒക്ടോബറില്‍ ട്വിറ്ററിനെ ഏറ്റെടുത്തതിന് ശേഷം പ്ലാറ്റ്‌ഫോമില്‍ ഏറെ മാറ്റങ്ങള്‍ മസ്ക് വരുത്തിയിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള വെരിഫിക്കേഷന്‍ സംവിധാനവും കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്കായി കൂടുതല്‍ മോണിറ്റൈസേഷന്‍ സൗകര്യങ്ങളും ഇവയിലുണ്ട്. അടുത്ത വലിയ അപ്‌ഡേറ്റ് എന്ന നിലയില്‍ എക്സ് മണി ഫീച്ചര്‍ അവതരിപ്പിക്കും മുമ്പ് അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്ന് ഈ പേയ്‌മെന്‍റ് സംവിധാനത്തിന് ഔദ്യോഗിക അനുമതി നേടിയെടുക്കാനാണ് മസ്കിന്‍റെ ശ്രമം. 2026ന്‍റെ തുടക്കത്തിലാവും യുഎസില്‍ എക്സ് മണി വ്യാപകമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക.


