ഫ്ലോറിഡ: ലോകത്തെ ആദ്യ ബഹിരാകാശ സ്പോര്‍ട്സ് കാര്‍ വിജയകുതിപ്പ് തുടരുന്നു. ഏറ്റവും കരുത്തേറിയ റോക്കറ്റ്, ഫാല്‍ക്കന്‍ ഹെവിയില്‍ പേലോഡ് ആയി കയറ്റിവിട്ട ടെസ്ല റോഡ്സ്റ്റര്‍ ആണ് ബഹിരാകാശത്ത് ഏകാന്തയാത്ര തുടരുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യം പിഴച്ചതിനാല്‍ ചൊവ്വയും കടന്ന് വ്യാഴത്തിന് മുന്‍പുള്ള ഛിന്നഗ്രഹമേഖലയിലാണ് കാറിപ്പോള്‍. കാര്‍ വിജയകരമായി യാത്ര തുടരുകയാണെന്ന് വിക്ഷേപണം നടത്തിയ സ്പെയ്സ് കമ്പനി ഉടമ ഇലോണ്‍ മസ്ക അറിയിച്ചു.
സ്റ്റാര്‍മാന്‍ എന്ന പാവയാണ് ടെസ്ല റോഡ്സ്റ്ററിന്‍റെ ഡ്രൈവര്‍. യാത്രയുടെ വീഡിയോ ഭൂമിയിലേക്ക് അയക്കുന്നുണ്ട്. 1305 കിലോഭാരം വരുന്ന കാറിനൊപ്പം 6000 സ്പെയ്സ് എക്സ് ജീവനക്കാരുടെ പേരടങ്ങിയ ഫലകം, ശാസ്ത്ര നോവലിസ്റ്റ് െഎസക് അസിമോവിന്‍റെ കൃതികളുടെ ഡിജിറ്റല്‍ പതിപ്പ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

കാറിന്‍റെ സര്‍ക്യൂട്ട് ബോര്‍ഡില്‍ ഇത് നിര്‍മിച്ചത് മനുഷ്യരാണ് എന്നുള്ള സന്ദേശവുമുണ്ട്. എന്നാല്‍ ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമിട്ട കാര്‍ ദിശതെറ്റിയിരിക്കുകയാണ്. ഇത് എവിടെ ചെന്ന് നില്‍ക്കുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. ഛിന്നഗ്രഹമേഖലിയില്‍ നിന്ന് കാര്‍ പുറത്തേക്ക് കടന്നാല്‍ കോടാനുകോടി വര്‍ഷങ്ങള്‍ സൗരയൂഥത്തില്‍ ഭ്രമണം ചെയ്തേക്കുമെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.
