ഭൂമിയെപ്പോലെ ജീവന്‍ ഉണ്ടായിരുന്ന ഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന മറ്റൊരു സൗരയുഥം കണ്ടെത്തിയതായി നാസ ശാസ്‌ത്രജ്ഞര്‍ അറിയിച്ചു. പത്രസമ്മേളനം വിളിച്ചാണ് നാസ സുപ്രധാനമായ കണ്ടെത്തലിനെക്കുറിച്ച് വിവരിച്ചത്. പുതിയതായി കണ്ടെത്തിയ സൗരയുഥത്തിലെ‍ ഏഴു ഗ്രഹങ്ങളില്‍ മൂന്നില്‍ ജീവന്റെ കണിക ഉണ്ടായിരുന്നതായാണ് നാസ ശാസ്‌ത്രജ്ഞര്‍ അനുമാനിക്കുന്നത്. ജീവന്‍ നിലനില്‍ക്കുന്നതിന് അനുകൂലമായ താപനിലയും ജല സാന്നിദ്ധ്യമായി സമുദ്രങ്ങളും കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചതെന്നും നാസ ശാസ്‌ത്രജ്ഞര്‍ പറയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങളും നിരീക്ഷണങ്ങളും നടന്നുവരികയാണ്. വൈകാതെ തന്നെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ സ്ഥിരീകരണം നല്‍കാനാകുമെന്നുമാണ് പ്രതീക്ഷയെന്ന് നാസ ശാസ്‌ത്രജ്ഞര്‍ പറയുന്നു. നമ്മുടെ സൗരയുഥത്തിന് സൂര്യന്‍ എന്ന പോലെ പുതിയതായി കണ്ടെത്തിയ സൗരയുഥത്തിന് ട്രാപ്പിസ്റ്റ്-1 എന്ന നക്ഷത്രമാണ് സൂര്യന്റെ സ്ഥാനത്തുള്ളത്. ഈ സൗരയുഥത്തിന് നിലവിലുള്ളതിനേക്കാള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ അധികമായിരിക്കും ആയുസെന്നും പറയപ്പെടുന്നു. അതായത് നിലവിലുള്ള സൗരയുഥം നശിച്ചാലും കോടിക്കകണക്കിന് വര്‍ഷം കഴിഞ്ഞുമാത്രമെ പുതിയ സൗരയുഥം നശിക്കുകയുള്ളു. ട്രാന്‍സിറ്റ് ഫോട്ടോമെട്രി എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നാസ പുതിയ സൗരയുഥവും ഗ്രഹങ്ങളും കണ്ടെത്തിയിരിക്കുന്നത്.