Asianet News MalayalamAsianet News Malayalam

യൂട്യൂബ് മുന്‍ സിഇഒ സൂസന്‍ വിജിഡ്‌സ്‌കി അന്തരിച്ചു; വിടപറഞ്ഞത് ഗൂഗിളിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍

വീ‍ഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിനെ ഏറ്റെടുക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിച്ചത് സൂസനായിരുന്നു

Ex YouTube CEO Susan Wojcicki dies after battle with cancer Sundar Pichai shares heartfelt tributes
Author
First Published Aug 10, 2024, 1:16 PM IST | Last Updated Aug 10, 2024, 1:28 PM IST

കാലിഫോര്‍ണിയ: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന്‍റെ മുന്‍ സിഇഒ സൂസന്‍ വിജിഡ്‌സ്‌കി (56) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷക്കാലമായി സൂസന്‍ ചികില്‍സയിലായിരുന്നു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഈ സങ്കട വാര്‍ത്ത ലോകത്തെ അറിയിച്ചത്. 2015ല്‍ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനം ചൊലുത്തുന്ന 100 വ്യക്തികളില്‍ ഒരാളായി തെരഞ്ഞെടുത്തയാളാണ് സൂസന്‍ വിജിഡ്‌സ്‌കി. ഇന്‍റര്‍നെറ്റിലെ ഏറ്റവും കരുത്തുറ്റ വനിതയായും സൂസന്‍ അറിയപ്പെടുന്നു. 

അനുസ്‌മരിച്ച് സുന്ദര്‍ പിച്ചൈ

'രണ്ട് വര്‍ഷം അര്‍ബുദത്തോട് പൊരുതിയ എന്‍റെ പ്രിയ സുഹൃത്തായ സൂസന്‍ വിജിഡ്‌സ്‌കിയുടെ വേര്‍പാട് അവിശ്വസനീയമാണ്. ഗൂഗിളിന്‍റെ ചരിത്രത്തിലെ പ്രധാനികളിലൊരാളാണ് സൂസന്‍. സൂസനില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാനാവില്ല. എനിക്ക് സൂസന്‍ അവിശ്വസനീയമായ ഒരു വ്യക്തിയും നേതാവും സുഹൃത്തുമായിരുന്നു. ലോകത്തെ ഏറെ സ്വാധീനം ചൊലുത്തിയ സൂസന്‍ വിജിഡ്‌സ്‌കിയെ ഏറെയറിയുന്ന എണ്ണമറ്റവരില്‍ ഒരാളാണ് ഞാനും. സൂസന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നു'- എന്നുമാണ് സുന്ദര്‍ പിച്ചൈയുടെ വാക്കുകള്‍.  

കാലിഫോര്‍ണിയയില്‍ 1968 ജൂലൈ അഞ്ചിനായിരുന്നു സൂസന്‍ വിജിഡ്‌സ്‌കിയുടെ ജനനം. ഗൂഗിളിനെ രൂപപ്പെടുത്തിയ വ്യക്തികളിലൊരാളായാണ് സൂസന്‍ വിജിഡ്‌സ്‌കി അറിയപ്പെടുന്നത്. 1998ല്‍ തന്‍റെ ഗാരേജ് വിട്ടുനല്‍കിക്കൊണ്ട് ഗൂഗിളിന്‍റെ സ്ഥാപനത്തിന്‍റെ സൂസന്‍ ഭാഗമായി. 1999ല്‍ കമ്പനിയുടെ ആദ്യത്തെ മാര്‍ക്കറ്റിംഗ് മാനേജരായി ചുമതലയേറ്റു. ഗൂഗിളിലെ മാര്‍ക്കറ്റിംഗിനൊപ്പം ലോഗോ ഡിസൈന്‍, ഗൂഗിള്‍ ഇമേജ് സെര്‍ച്ച് സ്ഥാപനം എന്നിവയുടെയും ഭാഗമായി. ഗൂഗിളിന്‍റെ അഡ്വടൈസിംഗ് ആന്‍ഡ് കൊമേഴ്‌സ് വിഭാഗത്തിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റായിരുന്നു. ആഡ്‌വേഡ്‌സ്, ആഡ്‌സെന്‍സ്, ഡബിള്‍ക്ലിക്ക്, ഗൂഗിള്‍ അനലിറ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലക്കാരി കൂടിയായിരുന്നു സൂസന്‍ വിജിഡ്‌സ്‌കി. 

ഗൂഗിളിന്‍റെ, യൂട്യൂബിന്‍റെ തലവര മാറ്റിയ സൂസന്‍ 

വന്‍വിജയമാണ് എന്ന് കണ്ടതോടെ വീ‍ഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിനെ ഏറ്റെടുക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിച്ചത് സൂസന്‍ വിജിഡ്‌സ്‌കിയായിരുന്നു. 2006ല്‍ 1.65 ബില്യണ്‍ യുഎസ് ഡോളറിന്‍റെതായിരുന്നു ഈ ഏറ്റെടുക്കല്‍. യൂട്യൂബിന്‍റെ സിഇഒയായി 2014 മുതല്‍ 2023 വരെ പ്രവര്‍ത്തിച്ചതാണ് സൂസന്‍ വിജിഡ്‌സ്‌കിയുടെ ടെക് കരിയറിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാനം. യൂട്യൂബിലേക്ക് ഏറെ ഉപഭോക്താക്കളെ ആകര്‍ഷിച്ച സിഇഒയായ സൂസന്‍, പ്ലാറ്റ്ഫോമിലെ നിയമങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കുകയും ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചു. യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, യൂട്യൂബ് ഷോര്‍ട്‌സ് എന്നിവ ആരംഭിച്ചത് യൂട്യൂബില്‍ സൂസന്‍ വിജിഡ്‌സ്‌കി സിഇഒയുടെ ചുമതലയില്‍ ആയിരിക്കുമ്പോഴായിരുന്നു. 

ഗൂഗിളിന്‍റെ പ്രഥമ മാര്‍ക്കറ്റിംഗ് മാനേജര്‍ ആവും മുമ്പ് കാലിഫോര്‍ണിയയിലുള്ള സാന്താ ക്ലാരയില്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്‍റലിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലും സൂസന്‍ വിജിഡ്‌സ്‌കി ജോലി ചെയ്‌തിരുന്നു. 

Read more: ഫേസ്‌ബുക്കിന്‍റെ സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിച്ചത് ഒരു ഇന്ത്യക്കാരനാണ് എന്നറിയുമോ? സക്കര്‍ബര്‍ഗ് അന്ന് പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios