Asianet News MalayalamAsianet News Malayalam

ഫേസ്‌ബുക്കിന്‍റെ സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിച്ചത് ഒരു ഇന്ത്യക്കാരനാണ് എന്നറിയുമോ? സക്കര്‍ബര്‍ഗ് അന്ന് പറഞ്ഞത്

ഒരു ടീമിന്‍റെ സഹായമില്ലാതെ ഒറ്റയ്ക്ക് സെര്‍ച്ച് എഞ്ചിന്‍ ഡെവലപ് ചെയ്യണം എന്നായിരുന്നു മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ നിര്‍ദേശം

How Mark Zuckerberg pushed an Indian engineer Aditya Agarwal to build Facebook search engine
Author
First Published Aug 10, 2024, 10:38 AM IST | Last Updated Aug 10, 2024, 10:42 AM IST

സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് അവസാന വാക്കുകളിലൊന്നായ മെറ്റയുടെ ഫേസ്‌ബുക്കിന്‍റെ സെര്‍ച്ച് എഞ്ചിന്‍ രൂപകല്‍പന ചെയ്‌തത് ഒരു ഇന്ത്യന്‍ എഞ്ചിനീയറാണ് എന്ന് എത്ര പേര്‍ക്ക് അറിയാം. ആദിത്യ അഗര്‍വാള്‍ എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിനായി സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിച്ചത്. ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ വാക്കുകളാണ് അഗര്‍വാളിനെ ഇതിന് പ്രാപ്‌തനാക്കിയത്. 

2005ലാണ് മാര്‍ക് സക്കര്‍ബര്‍ഗിനെ ആദിത്യ അഗര്‍വാള്‍ കണ്ടുമുട്ടുന്നത്. ആദ്യ കൂടിക്കാഴ്‌ചയില്‍ തന്നെ ഫേസ്ബുക്കിനെ കുറിച്ചുള്ള സക്കര്‍ബര്‍ഗിന്‍റെ കാഴ്‌ചപ്പാടുകള്‍ അഗര്‍വാളിനെ പിടിച്ചിരുത്തി. തുടക്കക്കാരന്‍ എന്ന നിലയ്ക്ക് ഫേസ്ബുക്കില്‍ ജോലിയില്‍ പ്രവേശിച്ച അഗര്‍വാളിന് എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ വലിയ വ്യക്തതയുണ്ടായിരുന്നില്ല. നിര്‍ദേശങ്ങള്‍ തരാന്‍ കമ്പനിയില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച അഗര്‍വാളിനെ മാര്‍ക്ക് സക്കര്‍ബര്‍ഗ് വൈകാതെ വലിയൊരു ദൗത്യം ഏല്‍പിച്ചു. ഫേസ്ബുക്കിനുള്ളില്‍ ആളുകളെ തെരഞ്ഞ് കണ്ടുപിടിക്കാനുള്‍പ്പടെ സഹായിക്കുന്ന സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിക്കുകയായിരുന്നു അത്. സെര്‍ച്ച് എഞ്ചിന്‍ നിര്‍മിച്ച് തനിക്ക് മുന്‍പരിചയം ഇല്ലാത്തതിനാല്‍ ഗൂഗിളില്‍ നിന്നോ യാഹൂവില്‍ നിന്നോ നമുക്ക് ആരെയെങ്കിലും കണ്ടെത്തിക്കൂടേ എന്നായിരുന്നു സക്കര്‍ബര്‍ഗിനോട് അഗര്‍വാളിന്‍റെ മറുചോദ്യം. എന്നാല്‍ മാര്‍ക്കിന്‍റെ മറുപടി ആദിത്യ അഗര്‍വാളിനെ വീണ്ടും കുടുക്കി. 

ഒരു ടീമിന്‍റെ സഹായമില്ലാതെ ഒറ്റയ്ക്ക് സെര്‍ച്ച് എഞ്ചിന്‍ ഡെവലപ് ചെയ്യണം എന്നായിരുന്നു മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ നിര്‍ദേശം. അഗര്‍വാളിന് പരിഭ്രമമായതോടെ സക്കര്‍ബര്‍ഗിന്‍റെ ആശ്വാസ വാക്കുകളെത്തി. 'ഡ്യൂഡ്, എനിക്ക് ഫേസ്ബുക്ക് നിര്‍മിക്കാമെങ്കില്‍ താങ്കള്‍ക്ക് ഒരു സെര്‍ച്ച് എഞ്ചിന്‍ ഡെവലപ് ചെയ്യാന്‍ അനായാസം കഴിയും' എന്നതായിരുന്നു ആ വാക്കുകള്‍. മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ ഈ വാക്കുകള്‍ ആദിത്യ അഗര്‍വാളിന് പ്രചോദനമായി. അങ്ങനെ ആദിത്യ അഗര്‍വാള്‍ ഫേസ്ബുക്ക് സെര്‍ച്ച് എഞ്ചിന്‍ വിജയകരമായി വികസിപ്പിച്ചു. പിന്നീട് ഫേസ്‌ബുക്കിന്‍റെ ആദ്യ പ്രൊഡക്ട് എഞ്ചിനീയറിംഗ് ഡയറക്ടറായി അഗര്‍വാള്‍ മാറി. 2010ല്‍ ഫേസ്ബുക്കില്‍ നിന്ന് പടിയിറങ്ങിയ ആദിത്യ അഗര്‍വാള്‍ ഇപ്പോള്‍ അമേരിക്കയിലെ ടെക് കളക്റ്റീവായ സൗത്ത് പാര്‍ക് കോമണ്‍സിലെ പാര്‍ട്‌ണറാണ്. 

എന്താണ് ഫേസ്‌ബുക്ക് സെര്‍ച്ച് എഞ്ചിന്‍ 

കീവേഡുകള്‍ ഉപയോഗിച്ച് ഫേസ്‌ബുക്കിലെ മെമ്പര്‍മാരെയും പോസ്റ്റുകളെയും പേജുകളെയും ഗ്രൂപ്പുകളെയും ഇവൻ്റുകളെയും മറ്റ് ഉള്ളടക്കങ്ങളെയും തെരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ഫേസ്‌ബുക്ക് സെര്‍ച്ച് എഞ്ചിന്‍. ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിൽ പ്രത്യേക വിവരങ്ങൾ കണ്ടെത്താനോ പുതിയ ഉള്ളടക്കം കണ്ടെത്താനോ ഫേസ്‌ബുക്ക് സെര്‍ച്ച് എഞ്ചിന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. 

Read more: ആളെ പിടിക്കാന്‍ കച്ചകെട്ടി ബിഎസ്എന്‍എല്‍; ഒറ്റയടിക്ക് കുറഞ്ഞത് 100 രൂപ, ബ്രോഡ്‌ബാന്‍ഡ് പ്ലാനില്‍ വമ്പന്‍ ഓഫര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios