ഫേസ്ബുക്കിലെ സുരക്ഷ പിഴവ് കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ പാരിതോഷികം. ഫേസ്ബുക്കിലെ ഗൗരവകരമായ തെറ്റ് കണ്ടെത്തിയ കൊല്ലം ചാത്തന്നൂര്‍ എംഇഎസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥി അരുണ്‍ എസ് കുമാറിനാണ് ഫേസ്ബുക്ക് സമ്മാനം നല്‍കിയത്. 6.65 ലക്ഷം രൂപയാണ് ഫേസ്ബുക്കില്‍ നിന്നും ഈ ഇരുപതുവയസുകാരന് ലഭിച്ചത്.

ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞ്കയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന ഫുള്‍ അക്കൗണ്ട് ടേക്ക്ഓവര്‍ എന്ന പ്രശ്‌നമാണ് അരുണ്‍ ഉന്നയിച്ചത്. ഫേസ്ബുക്കിന്റെ ഒരു സബ്‌ഡോമൈനില്‍ ഈ പ്രശ്‌നം കണ്ടെത്തിയ അരുണ്‍ ഇത് ഫേസ്ബുക്ക് സുരക്ഷ വൃത്തത്തെ അറിയിക്കുകയായിരുന്നു. ഇത് പരിഹരിച്ച ശേഷമാണ് അരുണിനുള്ള സമ്മാനം ഫേസ്ബുക്ക് അറിയിച്ചത്.

ഇതിന് മുന്‍പും ഫേസ്ബുക്കിലെ ബഗ്ഗുകള്‍ സംബന്ധിച്ച് അരുണ്‍ ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ഇതോടെ ഫേസ്ബുക്കിന്റെ ഹാള്‍ ഓഫ് ഫേമില്‍ ആദ്യ പത്തുറാങ്കുകളില്‍ എത്താന്‍ അരുണിന് വഴി തെളിഞ്ഞു.