വാട്ട്സ്ആപ്പ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശകൈമാറ്റ ആപ്പ് ആണ് മെസഞ്ചര്‍. ഡെവലപ്പര്‍മാര്‍ക്ക് പണം സമ്പാദിക്കാന്‍ പുതിയ അവസരമാണ് ഫേസ്ബുക്ക് മെസഞ്ചറിലൂടെ തുറന്നിടുന്നത്. മെസഞ്ചറിനായി പ്രത്യേക ആഡുകളും വീഡിയോ ഗെയിമുകളും നിര്‍മ്മിച്ച് നല്‍കണം എന്നതാണ് ഡീല്‍

ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം അവതരിപ്പിക്കുന്ന ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ കാണുകയും ഗെയിമുകള്‍ കളിക്കുകയും ചെയ്യാം. ഒപ്പം ഗെയിമുകളിലെ പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഓഡിയന്‍സ് നെറ്റ്വര്‍ക്കില്‍ നിന്നുള്ള ഡിമാന്‍ഡ് ഉപയോഗിക്കുകയും ചെയ്യാം. വരുമാനം നേടുന്നതിനൊപ്പം മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കാനുള്ള വഴികള്‍ മനസ്സിലാക്കാനും നിലവിലെ നീക്കം ഡെവലപ്പര്‍മാരെ സഹായിക്കുമെന്ന് ഫേസ്ബുക്ക് പറയുന്നു. 

എഫ്ആര്‍വിആറിന്‍റെ ബാസ്‌കറ്റ് ബാള്‍ എഫ്ആര്‍വിആര്‍, ബ്ലാക് സ്റ്റോമിന്റെ എവര്‍വിങ് ഉള്‍പ്പടെയുള്ള ഗെയിമുകളില്‍ കളിക്കിടെ പരസ്യങ്ങള്‍ ഉണ്ടാവും. ഫലം ലഭിക്കുന്നതിന് അനുസരിച്ച് ഫേസ്ബുക്ക് കൂടുതല്‍ ഡെവലപ്പര്‍മാര്‍ക്ക് റിവാര്‍ഡ് വീഡിയോ ആഡുകള്‍ നല്‍കും. ഇതോടൊപ്പം വരും ആഴ്ചയില്‍ കമ്പനി വീഡിയോ ആഡ് പ്ലാറ്റ്‌ഫോം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യും. 

ഇതിന്‍റെ ഭാഗമായി ഫേസ്ബുക്ക് ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ ടൂളുകള്‍ ലഭ്യമാക്കും. ഇതിലൂടെ ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുകയും ഇന്‍സ്റ്റന്റ് ഗെയിമിങ് പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ നിക്ഷേപം നടത്താന്‍ കഴിയുകയും ചെയ്യുമെന്നാണ് സൂചന. വരുമാനം ലഭ്യമാക്കുന്നതിന് പുറമെ ഇന്‍ആപ്പ് പര്‍ച്ചേസും ഫേസ്ബുക്ക് അവതരിപ്പിക്കും.

ബീറ്റ പരീക്ഷണത്തിന് ശേഷം ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഗെയിം വിശ്വസനീയമായ ടൂളുകളോടെ നേരിട്ട് പ്ലാറ്റ്‌ഫോമില്‍ സമര്‍പ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യാം.