സാന്‍ഫ്രാന്‍സികോ: ഫേസ്ബുക്കില്‍ ഫോട്ടോകമന്‍റ് വന്നത് ഒരു ആഘോഷമായിരുന്നു, എന്തിനും ഏതിനും ഫോട്ടോകമന്‍റ് ഉപയോഗിക്കുന്ന രീതിയാണ് പിന്നീട് ഉണ്ടായത്. എന്നാല്‍ ആദ്യത്തെ ആവേശം ഇന്ന് പലരും ഫോട്ടോകമന്‍റ് ഇടാന്‍ കാണിക്കുന്നില്ല. അപ്പോഴാണ് ചെറിയോരു മാറ്റവുമായി ഫേസ്ബുക്ക് എത്തിയിരിക്കുന്നത്. 

ഫേസ്ബുക്കില്‍ കമന്റായി വീഡിയോകളും അപ് ലോഡ് ചെയ്യാം. ഫേസ് ബുക്ക് യൂസര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന ഫീച്ചര്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. കമന്റ് ബോക്‌സിലെ ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യാം. ഫേസ് ബുക്ക് എഞ്ചിനീയര്‍ ബോബ് ബാള്‍ഡ് വിന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തന്‍റെ തന്നെ ഒരു വീഡിയോ അപ് ലോഡ് ചെയ്താണ് ബോബ് പുതിയ ഫീച്ചര്‍ യൂസേഴ്‌സിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക് അവതരിപ്പിച്ച ലൈവ് വീഡിയോക്ക് വലിയ സ്വീകരണമായിരുന്നു. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും, സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം ലൈവ് വീഡിയയിലോടെ ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു. 

എന്നാല്‍ ആരാധകര്‍ക്ക് തിരിച്ച് പ്രതികരിക്കാന്‍ കമന്‍റ് ബോക്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. വീഡിയോ കമന്‍റ് സംവിധാനം എത്തിയത് സെലിബ്രിറ്റികളും അവരുടെ ആരാധകരും ആഘോഷിക്കുമെന്നുറപ്പാണ്. വീഡിയോ കമന്‍റായി എന്തൊക്കെ അപ് ലോഡ് ചെയ്യുമെന്നതാണ് പ്രശ്‌നം. ചില വിരുതന്‍മാര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഫേസ് ബുക്ക് ലൈവ് വീഡിയോയ്ക്ക് പിന്നിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ ഫീച്ചറിന് പിന്നിലും. 2020 ഒക്കെ ആകുമ്പോഴേക്കും ഇന്‍റര്‍നെറ്റ് ട്രാഫിക്കില്‍ വീഡിയോ വലിയ മുന്നേറ്റം നടത്തുമെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ പ്രതീക്ഷ.