മൊബൈല്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി ഒട്ടുമിക്ക സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫേസ്ബുക്കിനും വൈകാതെ ആധാറുമായി ബന്ധമുണ്ടാകാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയതായി അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആധാര്‍ കാര്‍ഡിലുള്ള പേര് നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിനെ കുറിച്ച് ഫേസ്ബുക്ക് ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫേസ്ബുക്കില്‍ വ്യാജ പേരില്‍ ധാരാളം പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം പരീക്ഷിക്കുന്നതെന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. വ്യാജ വാര്‍ത്തകളും വ്യാജ പ്രൊഫൈലുകളും തടയുന്നതിനും സുഹൃത്തുക്കളെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് ഫേസ്ബുക്ക് വിലയിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, ഫേസ്ബുക്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നത്തിന് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്നും ആധാര്‍ നമ്പര്‍ ചോദിക്കില്ലെന്നുമാണ് വിവരം. പുതിയതായി അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ഇതിനായുള്ള ലിങ്ക് നല്‍കും.

ഇന്ത്യ പോലുള്ള ചെറിയ രാജ്യങ്ങളിലാണ് ഇത് പ്രാഥമികമായി ഫേസ്ബുക്ക് പരീക്ഷിക്കുന്നത്. ഇന്ത്യയിലെ ഒരു ചെറിയ ശതമാനം ആളുകളിലായിരിക്കും ഇത് പരീക്ഷിക്കുക എന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ആധാര്‍ ഉപയോഗിച്ച് മാത്രമെ ഫേസ്ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയൂ എന്ന് കര്‍ശന വ്യവസ്ഥ ആക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ഫേസ്ബുക്കിന്റെ ഈ നീക്കം വിവാദങ്ങള്‍ക്കും വഴിതുറന്നേക്കാം. ഓണ്‍ലൈന്‍ വഴി ആധാര്‍ വിവരങ്ങള്‍ നേരത്തെ ചോര്‍ന്നിരുന്നത് ആശങ്ക ഉയര്‍ത്തിയിരുന്നു.
