മാതൃദിന സ്പെഷൽ സ്റ്റിക്കറുകളും പുതിയ റിയാക്ഷന്‍ ബട്ടണുമായി ഫേസ്ബുക്ക് രംഗത്ത്. മേയ് 7 മുതൽ 9വരെയാണ് ഫേസ്ബുക്ക് മെസഞ്ചറിൽ സ്റ്റിക്കര്‍ ഫേസ്ബുക്ക് ലഭ്യമാക്കുന്നത്. മാതൃദിന പ്രൊഫൈൽ മോഡലും ഫെയ്സ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്. മെസഞ്ചറിന്‍റെ വശത്തായി പർപ്പിൾ നിറത്തിലുള്ള പൂവ് കാണാനാകും. അതിൽ ടാപ്പ് ചെയ്താൽ നിങ്ങൾ അയക്കുന്ന ചിത്രത്തിലും സന്ദേശത്തിലും തുടങ്ങി എന്തിലും മാതൃദിന സ്പെഷ്യൽ അലങ്കാരങ്ങൾ കാണാനാവും. 

ഇതു മാത്രമല്ല ഫെയ്സ്ബുക്ക് കമന്റ് ബോക്സ് റിയാക്ഷനിലും പർപ്പിൾപൂവ് ഫേസ്ബുക്ക് നല്‍കിയിട്ടുണ്ട്. മറ്റൊരു മെസേജ് ആപ്പായ ഹൈക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മാതൃദിന പ്രത്യേക ആപ്ലിക്കേഷനാണ് പുറത്തിറക്കുന്നത്. ചിത്രങ്ങളും അവയ്ക്ക് അടിക്കുറിപ്പുകളുമൊക്കെ ചേർത്ത് മാതൃദിന കാർഡ് നിർമ്മിച്ച് ചാറ്റിലൂടെ അയക്കാനാവും. കൂടാതെ കസ്റ്റമൈസ്ഡ് ഇ-കാർഡും സ്റ്റിക്കറുമൊക്കെ ഹൈക്കിലും അവതരിപ്പിച്ചിട്ടുണ്ട്.

ഡൂഡില്‍ മാറ്റിയാണ് ഗൂഗിള്‍ മാതൃദിന ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. ഒരു വലിയ പാദരക്ഷയുടെയും മറ്റൊരു ചെറിയ പാദരക്ഷയുടെയും ചിത്രങ്ങളോടു കൂടിയാണ് ഗൂഗിള്‍ ഡൂഡില്‍ മാറ്റിയിരിക്കുന്നത്. അമ്മയുടെ കാലടിപ്പാടുകള്‍ പിന്തുടരുന്ന കുഞ്ഞ് എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് പുതിയ ഡൂഡിലിന്‍റെ സൃഷ്ടാവ് സോഫി ഡിയോ വ്യക്തമാക്കി.

ആപ്പിൾ കമ്പനിയാണെങ്കിൽ മാതൃദിന വീഡിയോ പരസ്യംതന്നെ നിർമ്മിക്കാനാണ് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്. ആപ്പിൾ നിർമ്മിച്ച മാതൃദിനപ്രത്യേക വെബ്സൈറ്റിൽ ചിത്രം അപ്​ലോഡ് ചെയ്താൽ നിങ്ങൾക്കുള്ള ആശംസക്കൊപ്പം ആപ്പിൾ മദേഴ്സ്ഡേ പരസ്യമായി മാറും. ഇത് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാനുള്ള അവസരവുമുണ്ട്.