ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ്റെ അഭിപ്രായത്തിൽ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഭാവിയിൽ വൈദ്യുതി പോലെ ഒരു സാധാരണ സേവനമായി മാറും. ഉപയോഗിക്കുന്ന കംപ്യൂട്ടിംഗ് ശേഷിയനുസരിച്ച് ഉപയോക്താക്കൾക്ക് പണം നൽകേണ്ടിവരും.
വാഷിംഗ്‌ടണ്‍: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐ മനുഷ്യരുടെ ജോലി, പഠനം, ബിസിനസ് തുടങ്ങിയ മേഖലകളെ പൂർണ്ണമായി മാറ്റിമറിക്കാനാകുന്ന ശക്തമായ സാങ്കേതികവിദ്യയെന്ന നിലയിലാണ് സാധാരണയായി ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ പറയുന്നത്, ഭാവിയിൽ എഐ അത്ര സങ്കീർണ്ണമായ സാങ്കേതികവിദ്യയായി കാണപ്പെടാതെ, വൈദ്യുതി പോലെയുള്ള ഒരു സാധാരണ സേവനമായി മാറിയേക്കാമെന്നാണ്.
എഐയുടെ ഭാവിയെ കുറിച്ച് സാം ആള്‍ട്ട്‌മാന്‍
വാഷിംഗ്‌ടണ്‍ ഡിസിയിൽ നടന്ന ബ്ലാക്ക്‌റോക്ക് യു എസ് ഇൻഫ്രാസ്ട്രക്‌ചർ സമ്മിറ്റിൽ സംസാരിക്കുമ്പോഴാണ് സാം ആൾട്ട്മാൻ തന്‍റെ ഈ ഭാവി കാഴ്ചപ്പാട് പങ്കുവച്ചത്. ആളുകൾ ഭാവിയിൽ എഐയെക്കുറിച്ച് പ്രത്യേകിച്ച് ചിന്തിക്കാതെ, ആവശ്യം ഉള്ളപ്പോഴൊക്കെ ഉപയോഗിക്കുന്ന ഒരു അടിസ്ഥാന സേവനമായി കാണാൻ തുടങ്ങും എന്നാണ് ആള്‍ട്ട്‌മാന്‍റെ അഭിപ്രായം. അതിനൊപ്പം ഉപയോക്താക്കൾക്ക് എഐ ഉപയോഗിക്കുന്നതിന്‍റെ അളവിനനുസരിച്ച് മാത്രമേ പണം നൽകേണ്ടിവരുകയുള്ളൂ എന്നും അദേഹം പറയുന്നു.
അതായത്, എഐ നൽകുന്ന 'ബുദ്ധിശക്തി' ആളുകൾ മീറ്റർ അടിസ്ഥാനത്തിൽ വാങ്ങുന്ന ഒരു സേവനമായി മാറും എന്നാണ് സാം അൾട്ട്മാൻ പറയുന്നത്. ഇത് വൈദ്യുതി അല്ലെങ്കിൽ വെള്ളം ഉപയോഗിക്കുന്ന രീതിയോട് സാമ്യമുള്ളതായിരിക്കും. നിലവിൽ പല എഐ സേവനങ്ങൾക്കും നിശ്ചിത നിരക്കാണ് ഈടാക്കുന്നത്. എന്നാൽ ഭാവിയിൽ ഉപയോഗിക്കുന്ന കംപ്യൂട്ടിംഗ് ശേഷിയനുസരിച്ച് ഉപയോക്താക്കൾക്ക് പണം നൽകേണ്ടിവരുമെന്നാണ് അദേഹം പറയുന്നത്. എഐ ഉപകരണങ്ങൾ ഇതിനോടകം തന്നെ വിവിധ മേഖലകളിൽ വേഗത്തിൽ പ്രാധാന്യം നേടുകയാണ്. പ്രത്യേകിച്ച് സോഫ്റ്റ്‌വെയര്‍ വികസന രംഗത്ത്, എഞ്ചിനീയർമാർക്ക് മണിക്കൂറുകൾ വേണ്ടിവരുന്ന കോഡിംഗ് ജോലികൾ പോലും എഐ സിസ്റ്റങ്ങൾക്ക് വളരെ കുറച്ച് സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നുണ്ടെന്ന് സാം ആൾട്ട്മാൻ ചൂണ്ടിക്കാട്ടി.
കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കണം
കോഡിംഗിന് പുറമെ ഗവേഷണം, ശാസ്ത്രം, മറ്റ് അറിവ് അധിഷ്ഠിത മേഖലകൾ എന്നിവയിലും എഐ വലിയ സഹായമാണ് നൽകുന്നത്. ചില സ്ഥാപനങ്ങളിൽ ജീവനക്കാർ നേരിട്ട് സാങ്കേതിക ജോലികൾ ചെയ്യുന്നതിനെക്കാൾ എഐ സിസ്റ്റങ്ങളെ നയിക്കുന്നതിലേക്കാണ് കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയത്. വരാനിരിക്കുന്ന വർഷങ്ങളിൽ ഈ പ്രവണത കൂടുതൽ വ്യാപിക്കാമെന്നും സാം ആൾട്ട്മാൻ പറഞ്ഞു. ഇപ്പോൾ മണിക്കൂറുകൾ മാത്രം വേണ്ടിവരുന്ന ജോലികൾ ചെയ്യുന്ന എഐ സിസ്റ്റങ്ങൾക്ക് ഭാവിയിൽ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവരുന്ന പ്രോജക്ടുകളും കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് അദേഹത്തിന്‍റെ പ്രതീക്ഷ.
അതേസമയം, ഈ ഭാവി സാക്ഷാത്കരിക്കാൻ വലിയ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ശക്തമായ എഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ വലിയ ഡാറ്റ സെന്‍ററുകളും പ്രത്യേക ഹാർഡ്‍വെയറും വൻ വൈദ്യുതി ഉപയോഗവും ആവശ്യമാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആമസോൺ, എൻവിഡിയ, സോഫ്റ്റ്‍ബാങ്ക് എന്നീ കമ്പനികളുമായി ചേർന്ന് കംപ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങളിൽ വലിയ നിക്ഷേപങ്ങൾ നടത്തുകയാണ് ഓപ്പൺഎഐ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വളരെ കുറച്ച് കമ്പനികൾക്ക് മാത്രമുള്ള ചെലവേറിയ ഉപകരണമാകാതെ, കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുക എന്നതാണ് സാം ആൾട്ട്മാന്‍റെ ലക്ഷ്യം.


