വാഷിംങ്ടണ്‍: ഫേസ്ബുക്ക് തങ്ങളുടെ സോളര്‍ ഡ്രോണ്‍ അക്വില വിജയകരമായി പുറത്തിറക്കി. ഫേസ്ബുക്കിന്‍റെ ഇന്‍റര്‍നെറ്റ്.ഓര്‍ഗിന്‍റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ ആണ് അക്വില ഉപയോഗപ്പെടുത്തുക. 

സൌരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആളില്ല വിമാനം മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തന രംഗത്ത് എത്തിക്കാനാണ് ഫേസ്ബുക്ക് ഒരുക്കുന്നത് എന്നാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോയിംഗ് 737 വിമാനത്തിന്‍റെ വിംഗ് സ്പാന്‍ ആണ് ഈ ആളില്ല വിമാനത്തിനുള്ളത്.

ആകാശത്ത് തുടര്‍ച്ചയായി 90 ദിവസം പറക്കാന്‍ കഴിയുന്നതാണ് ഈ വിമാനം. 60,000 അടിക്കും 9000 അടിക്കും ഇടയില്‍ പറക്കാന്‍ അക്വിലയ്ക്ക് സാധിക്കും. പകല്‍ സമയങ്ങളാണ് കൂടിയ ഉയരം അക്വില കൈവരിക്കുക. രാത്രി സമയങ്ങളില്‍ താഴ്ന്ന് പറക്കും.

14 മാസം എടുത്താണ് ഫേസ്ബുക്കിന്‍റെ ടെക്നോളജി വിഭാഗം ഈ ഡ്രോണ്‍ പണിതത്. ഒരു ഹീലിയം ബലൂണ്‍ വച്ചാണ് ഇത് ലോഞ്ച് ചെയ്യുക.