ബെഗളൂരു: ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് നല്‍കിയ ഇ -കൊമേഴ്സ് ഭീമന്‍ ഫ്ലിപ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ. തെറ്റായ ഉല്‍പ്പന്നം നല്‍കിയതിനും ഉപഭോക്താവ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നല്‍കാത്തതിനുമാണ് പിഴ. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് പിഴ വിധിച്ചത്. 

വാദിരരാജാ റാവു എന്ന ഉപഭോക്താവാണ് പരാതി നല്‍കിയത്. 6,074 രൂപ മുടക്കി 2017 ഏപ്രിലില്‍ ഓര്‍ഡര്‍ ചെയ്ത ക്രിക്കറ്റ് ബാറ്റിന് പകരം ഇയാള്‍ക്ക് ലഭിച്ചത് ഒരു കറുത്ത കോട്ടാണ്. ഉല്‍പ്പന്നം മാറ്റി വാങ്ങാനായി റാവു ഫ്ലിപ്കാര്‍ട്ടിനെ സമീപിച്ചു. എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നല്‍കിയില്ല. തുടര്‍ന്ന് മെയ് 13 ന് റാവു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. 

സിഎം ചഞ്ചല, മഞ്ജുള എച്ച് എന്നിവരടങ്ങിയ ബഞ്ചാണ് ഫ്ലിപ്കാര്‍ട്ടിന് പിഴ വിധിച്ചത്. ഉപഭോക്താവിന് ആറ് ആഴ്ചയ്ക്കുള്ളില്‍ ശരിയായ ഉല്‍പ്പന്നം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരമായി ഉപഭോക്താവിന് 50,000 രൂപയും ഉപഭോക്താവിനെ വ‍ഞ്ചിച്ചതിന് പകരമായി ഉപഭോക്തൃ കോടതിയുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക് 50,000 രൂപ അടയ്ക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചത്. ഉപഭോക്താവിന് നഷ്ടപരിഹാര തുക നല്‍കാന്‍ കമ്പനി കാലതാമസം വരുത്തുകയാണെങ്കില്‍ വാര്‍ഷിക പലിശയായി 10 ശതമാനം തുക അധികമായി നല്‍കണം.