ദില്ലി: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഐഫോണ്‍ X വന്‍ വിലക്കുറവിലും കിടിലന്‍ ഓഫറിലും ലഭിക്കുമെന്ന് പ്രതീക്ഷ. മുന്‍നിര ഇ-കോമേഴ്സ് സൈറ്റ് ഫ്ലിപ്പ്കാര്‍ട്ട് ആണ് ഇതിന് സൌകര്യം ഒരുക്കുന്നത്.ഫ്ലിപ്കാർട്ട് വ്യാഴാഴ്ച (ഡിസംബര്‍ 7) വൻ ഓഫറുകൾ നൽകി സ്മാർട്ട്ഫോൺ വിൽപനയ്ക്ക് തുടക്കം കുറിക്കുകയാണ്. ഇന്ത്യയിലെ ‘ഏറ്റവും വലിയ’ ഐഫോണ്‍ X വില്‍പന നടത്തുമെന്നാണ് ഫ്ലിപ്കാര്‍ട്ട് അറിയിച്ചിരിക്കുന്നത്.

ഫ്ലിപ്കാര്‍ട്ടിന്‍റെ വര്‍ഷാവസാന സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന മേളയുടെ ഭാഗമായിട്ടാണ് ഓഫറുകൾ നൽകുന്നത്. എന്നാൽ ഫ്ലിപ്കാർട്ടിന്റെ കൈവശവും ചുരുങ്ങിയ എണ്ണം ഐഫോണ്‍ X മാത്രമാണ് എത്തിയിട്ടുള്ളത്. അതിവേഗം ബുക്കു ചെയ്യുന്നവർക്ക് മാത്രമേ ഫോണ്‍ ലഭിക്കൂവെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്.

മറ്റു ഹാൻഡ്സെറ്റുകൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഐഫോൺ Xന് എന്തെങ്കിലും പ്രത്യേക ഓഫര്‍ ഉണ്ടോ എന്ന് ഫ്ലിപ്കാര്‍ട്ട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മുൻപു വില്‍പന നടത്തിയപ്പോള്‍ എക്‌സ്‌ചേഞ്ച് ഓഫറായി 18,000 രൂപ വരെ നല്‍കിയ സന്ദര്‍ഭങ്ങളുണ്ട്. 3487 രൂപ, പലിശയില്ലാത്ത പ്രതിമാസ തവണകളായും ഫോണ്‍ വിറ്റിരുന്നു. ഈ മോഡലിന്റെ തുടക്ക വില 89,000 രൂപയാണ്.