ടോക്കിയോ:  അപൂർവ്വയിനത്തിൽപ്പെട്ട മീനുകൾ ചത്തുപൊങ്ങുന്നതിനെ ലോകാവസാനത്തിന്‍റെ സൂചനയെന്ന നിലയില്‍ ജപ്പാനില്‍ വ്യാപക പ്രചരണം.  ജാപ്പനീസ് സോഷ്യല്‍ മീഡിയയിലാണ് പ്രചരണം നടക്കുന്നത്. കഴിഞ്ഞ പത്തു ദിവസത്തിനിടെയാണ് ‘ഓര്‍ഫിഷ്’ എന്ന മത്സ്യത്തെ കടല്‍കരയില്‍ ചത്ത നിലയില്‍ കണ്ടെത്തിയതോടെയാണ് ലോകവാസാനത്തിന്റെ സൂചനയെന്ന രീതിയില്‍ പ്രചരണം ആരംഭിച്ചത്.

ഓര്‍ഫിഷ് ദുസൂചന നല്‍കുന്ന നിമിത്തമെന്നാണ്  ജാപ്പനീസ് വിശ്വാസവും നാടോടി കഥകളും പറയുന്നത്. ടോയാമയിലെ ഇമിസു കടല്‍തീരത്താണ് നാല് മീറ്റര്‍ നീളമുളള ഓര്‍ഫിഷിനെ ആദ്യം ചത്ത നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ മറ്റിടങ്ങളിലും മീനുകൾ ചത്തുപൊങ്ങുന്നത് കണ്ടെത്തി.‘കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതൻ’ എന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്ന ഓര്‍ഫിഷ് കടലിന്‍റെ 3000ത്തിൽ കൂടുതലടി താഴ്ച്ചയിലാണ് ജീവിക്കുന്നത്.

ഈ മീനുകളെ കാണുകയാണെങ്കിൽ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാനിലെ ജനങ്ങൾ വിശ്വസിക്കുന്നു. തൊഹോക്കുവിൽ 2011 ൽ ഭൂമിക്കുലുക്കം ഉണ്ടാകുന്നതിന് മുൻപ് ഈ മൂനുകൾ ചത്തുപൊങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. റിക്ടര്‍ സ്കെയിലില്‍ ഒൻപത് രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അത്. ഈ ഭൂമികുലുക്കം പിന്നീട് 19000 പേരുടെ മരണത്തിന് ഇടയാക്കിയ സുനാമിയിലേക്കും നയിച്ചിരുന്നു.  ഭുമിയിലുണ്ടാകുന്ന മാറ്റങ്ങൾ മൃഗങ്ങള്‍ക്ക് മുൻകൂട്ടി അറിയാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

ഇത്തരത്തിൽ മൃഗങ്ങൾ പരിഭ്രാന്തി കാണിച്ചതിന് പിന്നാലെ പലയിടങ്ങളിലും ഭൂമികുലുക്കം ഉണ്ടായിട്ടുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടലിന്‍റെ ഏറ്റവും അടിത്തട്ടിൽ കഴിയുന്ന ഓര്‍ഫിഷുകള്‍ക്ക് ഭൂമിയുടെ അനക്കം മറ്റ് മൃഗങ്ങൾക്ക് മുൻപ് അറിയാൻ സാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.