സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം നോക്കിയ, ഓട്ടോമൊബൈൽ രംഗത്തെ ഭീമൻ ഔഡി എന്നിവർ സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്

ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിക്കുന്നൊരു 4ജി മൊബൈൽ കണക്ഷൻ. ഭൂമിയിലെ പല സ്ഥലത്തും 4ജി കവറേജ് കിട്ടാത്ത സമയത്താണ് ചന്ദ്രനിൽ മൊബൈൽ കണക്ഷൻ നൽകാൻ പോകുന്നത്. സയൻസ് ഫിക്ഷൻ എന്ന് പറഞ്ഞ് തള്ളാൻ വരട്ടെ. അടുത്ത വർഷം ചന്ദ്രനെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന മൊബൈൽ കണക്ഷൻ നിലവിൽ വരുമെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ടെലകോം കമ്പനിയായ വോഡഫോൺ ജർമ്മനി, ഫോൺ നിർ‍മ്മാതാക്കളായ നോക്കിയ, ഓട്ടോമൊബൈൽ രംഗത്തെ ഭീമൻ ഔഡി എന്നിവർ സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബെർലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന പിടിഎസ് സയന്റിസ്റ്റ് എന്ന സ്ഥാപനും പദ്ധതിയോട് സഹകരിക്കുന്നുണ്ട്. ഒരു കിലോഗ്രാം ഭാരമുള്ള ഉപകരണം (space-grade Ultra Compact Network) 2019ൽ ചന്ദ്രനിൽ എത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്. നോക്കിയയാണ് ഇത് നിർമ്മിക്കുന്നത്. സ്വകാര്യ റോക്കറ്റ് വിക്ഷേപണ കമ്പനിയായ എലോൺ മസ്കിന്റെ സ്പേസ് എക്സാകും ഉപകരണം ചന്ദ്രനിലെത്തിക്കുക. 

സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കടക്കം കാർഗോ എത്തിക്കാൻ നാസ ആശ്രയിക്കുന്ന റോക്കറ്റാണ് ഫാൽക്കൺ 9. പുനരുപയോഗിക്കാൻ കഴിയുന്ന ആദ്യ ഓർബിറ്റർ ക്ലാസ് റോക്കറ്റെന്ന നേട്ടവും ഫാൽക്കൺ 9ന് സ്വന്തമാണ്. രണ്ട് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ ഒന്നാം ഭാഗം വീണ്ടെടുക്കുന്നതിൽ 2017ൽ വിജയിക്കാൻ കമ്പനിക്കായിട്ടുണ്ട്. ഫാൽക്കൺ 9ന്റെ ശക്തി കൂടിയ പതിപ്പാണ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച ഫാൽക്കൺ ഹെവി. ഇന്ന് ഭൂമിയിലുള്ളതിൽ ഏറ്റവും വലിയ റോക്കറ്റായ ഫാൽക്കൺ ഹെവിയുടെ ഒന്നാം ഭാഗം മൂന്ന് ഫാൽക്കൺ 9 റോക്കറ്റുകൾ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. സംയുക്ത സംരംഭം വിജയിച്ചാൽ ചന്ദ്രനിലെത്തുന്ന ആദ്യ സ്വകാര്യ പദ്ധതിയാകും ഇത്.

ചന്ദ്രന്റെ മികച്ച ദൃശ്യങ്ങൾ ഭൂമിയിലെത്തിക്കുകയാണ് 4ജി കണക്ഷനിലൂടെ ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്ക് നടത്താനിരിക്കുന്ന വലിയ പദ്ധതികളുടെ ആദ്യപടിയായാണ് മൊബൈൽ നെറ്റ്‍വർക്ക് സാധ്യമാക്കുന്നതെന്ന് പിടിഎസ് സയന്റിറ്റ്സ് സിഇഒ റോബർട്ട് വ്യക്തമാക്കി. പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റുകളുടെ വരവോടെ ബഹിരാകാശ പദ്ധതികളുടെ ചെലവ് വൻതോതിൽ കുറയുകയാണ്. 1972ൽ നാസയുടെ അപ്പോളോ 17 പദ്ധതിയോടെ നിലച്ച ചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യങ്ങൾ വീണ്ടും തിരികെ വന്നേക്കുമെന്ന പ്രതീതി ഇപ്പോൾ ലോകത്തുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തേക്ക് വൻതോതിൽ സ്വകാര്യ കമ്പനികൾ വരുന്നതും ഇതിന് ആക്കം കൂട്ടുകയാണ്. 

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പദ്ധതിയായ ചന്ദ്രയാൻ രണ്ട് ഈ വർഷം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ ഒന്നിലെ ഉപകരണങ്ങൾ നൽകിയ വിവരത്തിൽ നിന്നാണ് ചന്ദ്രനിൽ ജലമുണ്ടെന്ന നി‌ർണായക വിവരം നാസ കണ്ടെത്തിയത്. ചന്ദ്രയാൻ ഒന്നിൽ മൂൺ ഇംപാക്ട് പ്രോബെന്ന ഉപകരണം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കുകയാണ് ചെയ്തതെങ്കിൽ ഇത്തവണ സോഫ്റ്റ് ലാൻഡിംഗാണ് ഐഎസ്ആർഒ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പരീക്ഷണങ്ങൾ ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്.