ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്‍റെ പേരില്‍ ഒരു സന്ദേശം നിങ്ങള്‍ക്ക് വാട്ട്സ്ആപ്പില്‍ ലഭിച്ചിരിക്കും. ആമസോൺ കമ്പനിയുടെ ‘ഗോൾഡൻ ആനിവേഴ്സറി’ പ്രമാണിച്ച് സാംസങ് ജെ7 മൊബൈൽ വെറും 499 രൂപയ്ക്ക് ലഭ്യമാക്കുന്നുവെന്ന പേരിലാണ് വാട്ട്സ്ആപ്പിലുടെ സന്ദേശം ലഭിക്കുന്നത്. ആമസോണിന്റെ യഥാർഥ വെബ്സൈറ്റിൽ 14,000 രൂപയ്ക്കു മേൽ വിലയുള്ള ഫോണ്‍ ഇത്രയും താഴ്ന്ന വിലയ്ക്ക് കിട്ടുമ്പോള്‍ സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ആരും ഒന്ന് ക്ലിക്കും. 

ഫ്ലാഷ് സെയ്‌ലായാണ് സംഗതിയുടെ വിൽപന, പെട്ടെന്നു വാങ്ങണം അല്ലെങ്കിൽ തീർന്നു പോകും. കാഷ് ഓൺ ഡെലിവറി വരെയുണ്ട്. 24 മണിക്കൂറിനകം പ്രോഡക്ട് നിങ്ങളുടെ കയ്യിലെത്തും. വാഗ്ദാനങ്ങളുടെ പെരുമഴയ്ക്കൊപ്പം റജിസ്റ്റർ ചെയ്യാനൊരു വെബ്സൈറ്റിന്റെ പേരും: http://amazon.mobile-flashsale.com എന്ന വിലാസത്തോടെയാണ് സന്ദേശം.

എന്നാല്‍ ഇത്തരം ഒരു ലിങ്കോ, ഇത്തരമൊരു വിൽപന പദ്ധതിയോ ഇല്ലെന്നാണ് ആമസോണിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം asianetnews.tvയോട് വ്യക്തമാക്കിയത്. അമസോണ്‍ എന്ന പേര് കണ്ടതിനാല്‍ ഇത്തരം സന്ദേശങ്ങളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ക്രെഡിറ്റ് കാർഡ് നമ്പറോ മറ്റ് പഴ്സനൽ വിവരങ്ങളോ ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി നൽകരുതെന്ന് ആമസോണ്‍ പറയുന്നു.