ദില്ലി: വിവാദമായ ഫ്രീഡം 251 മൊബൈല്‍ ഫോണുകളുടെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഉത്പാദകരായ റിംഗിംഗ് ബെല്‍സ്്. ചൊവ്വാഴ്ച മുതല്‍ വിതരണം ആരംഭിക്കുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. 

രണ്്ടുലക്ഷം ഫ്രീഡം ഫോണുകള്‍ വിതരണം ചെയ്യുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്. ജൂലൈ അഞ്ചുവരെയാണ് വിതരണം നടക്കുന്നത്. ആദ്യ രജിസ്റ്റര്‍ ചെയ്ത രണ്ടു ലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫോണ്‍ നല്‍കുന്നതെന്നും എല്ലാ സംസ്ഥാനങ്ങളിലും ഫോണ്‍ എത്തുന്നതിനുവേണ്ടി നറുക്കെടുപ്പ് നത്തുമെന്നും കമ്പനി സ്ഥാപകനും സിഇഒയുമായ മോഹിത് ഗോയല്‍ അറിയിച്ചു. ഇത് പൂര്‍ത്തിയായാല്‍ പുതിയ ബുക്കിംഗ് സ്വീകരിക്കും. തായ്‌വാനില്‍ നിര്‍മിച്ച ഘടകങ്ങള്‍ ഹരിദ്വാറിലാണ് കൂട്ടിച്ചേര്‍ത്തതെന്നും ഗോയല്‍ പറഞ്ഞു.

ഫെബ്രുവരിയിലാണ് ഫ്രീഡം 251 ഫോണ്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 30 ന് മുന്‍പ് 25 ലക്ഷം ഫോണുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് ഏഴു കോടിയാളുകള്‍ കുറച്ചു ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ വെബ്‌സൈറ്റ് തകര്‍ന്നു. പ്രഖ്യാപനം തട്ടിപ്പാണെന്നു കാട്ടി കമ്പനിക്കെതിരേ ആളുകള്‍ രംഗത്തെത്തി. കേന്ദ്ര ഏജന്‍സികള്‍ ഇവര്‍ക്കെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കേസുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.