ടിക്കറ്റ് മുതല്‍ ഭക്ഷണം വരെ ഒരു കുടക്കീഴിൽ; റെയിൽവേയുടെ 'സ്വാറെയിൽ' സൂപ്പർ ആപ്പ് ഫീച്ചറുകളില്‍ സൂപ്പര്‍

ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി അനേകം ആപ്പുകളെ ആശ്രയിക്കുന്നത് സ്വാറെയിൽ സൂപ്പര്‍ ആപ്പിന്‍റെ വരവോടെ ഒഴിവാകുമെന്നത് യാത്രക്കാര്‍ക്ക് ശുഭ വാര്‍ത്ത

From ticket booking to food order What is SwaRail super app of Indian Railways

ദില്ലി: ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി സ്വാറെയിൽ (SwaRail) എന്ന പുതിയ സൂപ്പർ ആപ്പിന്‍റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കി. റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ ഈ സൂപ്പർ ആപ്പ് റിസർവ് ചെയ്‌ത ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യൽ, പിഎൻആർ അന്വേഷണങ്ങൾ തുടങ്ങിയവ പോലുള്ള ബഹുമുഖ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സംവിധാനമാണ്. സ്വാറെയിൽ നിലവിൽ ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ബീറ്റയിലാണ് ലഭ്യം. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി അനേകം ആപ്പുകളെ ആശ്രയിക്കുന്നത് സൂപ്പര്‍ ആപ്പിന്‍റെ വരവോടെ ഒഴിവാകും. 

മൊബൈൽ ഫോൺ ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും പുതിയ ആപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ സ്വാറെയിൽ ആപ്പ് നിലവിൽ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് സ്വീകരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോൾ. സ്വാറെയിൽ ആപ്ലിക്കേഷന്‍റെ പ്രവർത്തന രീതി നിലവിലുള്ള ഐആർസിടിസി ആപ്പിന് സമാനമാണ്. എന്നാൽ ഐആര്‍സിടിസിയെ അപേക്ഷിച്ച് സ്വാറെയിൽ ആപ്പില്‍ നിരവധി ഓപ്ഷനുകൾ ഒരുമിച്ച് നൽകിയിരിക്കുന്നു.

നിങ്ങൾക്ക് പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി സ്വറെയിൽ (SwaRail) ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിന് ശേഷം, നിലവിലുള്ള ഐആർടിസി അക്കൗണ്ടിന്‍റെ സഹായത്തോടെ ലോഗിൻ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടാകും. നിങ്ങൾക്ക് വേണമെങ്കിൽ ഒരു പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയുമാകാം. ഇതിന് ശേഷം ആപ്പിൽ ലഭ്യമായ നിരവധി സേവനങ്ങളുടെ ഉപയോഗം ആരംഭിക്കാം. ആപ്പിന്‍റെ ബീറ്റ പതിപ്പിൽ എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനും സാധിക്കും.

അതേസമയം നിലവിൽ തിരഞ്ഞെടുത്തവർക്ക് മാത്രമാണ് ആപ്പിലേക്ക് ആക്‌സസ് നൽകിയിരിക്കുന്നത്. അതായത് സ്വാറെയിൽ ആപ്പ് നിലവിൽ ബീറ്റയിൽ മാത്രമാണ് ലഭ്യം. കൂടാതെ ഉപയോക്താക്കൾക്ക് ആപ്പിന്‍റെ മെച്ചപ്പെടുത്തലിനായി അവരുടെ ഫീഡ്‌ബാക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. റെയിൽവേ മന്ത്രാലയത്തിന്‍റെ സമഗ്രമായ വിലയിരുത്തലിന് ശേഷം സ്വാറെയിൽ സൂപ്പർ ആപ്പ് പൊതുജനങ്ങള്‍ക്കായി പുറത്തിറക്കും. നിലവിലുള്ള എല്ലാ ബഗ്ഗുകളും പരിഹരിച്ചുകഴിഞ്ഞാൽ മാത്രമേ സ്വാറെയിലിന്‍റെ സ്ഥിരമായ പതിപ്പ് പൊതുജനങ്ങൾക്കായി റിലീസ് ചെയ്യുകയുള്ളൂവെന്ന് ചുരുക്കം. നിലവിൽ സ്വാറെയിൽ ആപ്പിന്‍റെ ഔദ്യോഗിക ലോഞ്ച് തീയതി ഇന്ത്യൻ റെയിൽവേ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ സ്വാറെയിൽ ആപ്പ് എല്ലാവർക്കും ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.

ഈ സേവനങ്ങളുടെ പ്രയോജനം നിങ്ങൾക്ക് ഒരുമിച്ച് ലഭിക്കും

നിലവിൽ ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വ്യത്യസ്‍ത ആവശ്യങ്ങൾക്കായി നിരവധി ആപ്പുകളുടെയോ വെബ്‌സൈറ്റുകളുടെയോ സഹായം തേടേണ്ടിവരുന്നുണ്ട്. ഉദാഹരണത്തിന്, ടിക്കറ്റ് ബുക്ക് ചെയ്യൽ, ട്രെയിനിന്‍റെ റണ്ണിംഗ് സ്റ്റാറ്റസ് പരിശോധിക്കൽ തുടങ്ങിയ ജോലികളെല്ലാം ഒരേ ആപ്പിൽ നിന്നും ചെയ്യാൻ സാധിക്കില്ല. സൂപ്പർ ആപ്പായ സ്വാറെയിൽ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരേസമയം നൽകും. യാത്രക്കാർക്ക് ഏത് പരാതിയും എളുപ്പത്തിൽ അറിയിക്കാനും ഇതിലൂടെ സാധിക്കും.

സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് സ്വാറെയിൽ സൂപ്പർ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ എല്ലാ പബ്ലിക് ഫെയ്‌സിംഗ് ആപ്പുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിച്ചുകൊണ്ട് ഇത് ഒറ്റത്തവണ പരിഹാരമായി പ്രവർത്തിക്കുന്നു. സ്വാറെയിൽ സൂപ്പർ ആപ്പ് ഉപയോഗിച്ച് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകള്‍ക്കും, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, പാഴ്‌സൽ, ചരക്ക് ഡെലിവറികളെ കുറിച്ച് അന്വേഷിക്കാനും, ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യാനും, പരാതികൾക്കും സംശയങ്ങൾക്കും റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെടാനും സാധിക്കും.

ഈ ആപ്പിന്‍റെ പ്രധാന സവിശേഷതകൾ

1. റിസർവ് ചെയ്ത ടിക്കറ്റ് ബുക്കിംഗ്
2. റിസർവ് ചെയ്യാത്തതും പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗും
3. പാഴ്‌സൽ, ചരക്ക് അന്വേഷണങ്ങൾ
4. ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് അന്വേഷണങ്ങൾ
5. ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യാം
6. പരാതി മാനേജ്മെന്‍റ്
7. സമഗ്രമായ യാത്രാ വിവരങ്ങൾ നൽകുന്നതിന് ഒന്നിലധികം സേവനങ്ങളുടെ സംയോജനം
8. ഒരു ലളിതമായ ഓൺബോർഡിംഗ് പ്രക്രിയ
9. ബയോമെട്രിക് പ്രാമാണീകരണവും എം-പിനും ഉൾപ്പെടെ ഒന്നിലധികം ലോഗിൻ ഓപ്ഷനുകൾ
10. റിസർവ് ചെയ്‍തതും റിസർവ് ചെയ്യാത്തതുമായ ബുക്കിംഗുകൾക്കുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോം

Read more: ട്രെയിൻ യാത്ര 'സൂപ്പറാ'ക്കാൻ ഐആർസിടിസി; ഇനി പല ആപ്പുകളില്‍ കയറിയിറങ്ങി സമയം കളയണ്ട, വരുന്നു സൂപ്പര്‍ ആപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios