ബെർലിൻ: ഭാരം ചുമന്നു ക്ഷീണിച്ച തപാൽ ജീവനക്കാർക്ക്​ ലോക തപാൽ ദിനത്തോടനുബന്ധിച്ച്​ ആശ്വാസകരമായ വാർത്ത. പശ്​ചിമ ജർമനിയിലെ ബാഡ്​ ഒാഫ്​ ഹെർസ്​ഫെൽഡ്​ ടൗണിലെ തപാൽ ജീവനക്കാർക്ക്​ അത്താണിയായി പുതിയ കൂട്ടാളി എത്തിയിരിക്കുന്നു. മഞ്ഞ നിറത്തിൽ നാല്​ ച​ക്രങ്ങളിൽ എത്തിയ റോബോട്ട്​ ആണ്​ തപാൽ ജീവനക്കാർക്ക്​ ആശ്വാസമാകുന്നത്​. മുഴുവൻ തപാൽ ഉരുപ്പടികളും വഹിച്ച്​ റോബോട്ട്​ പോകും, ജീവനക്കാർ പിന്തുടർന്നാൽ മതി.

ജർമൻ പോസ്​റ്റൽ ആന്‍റ്​ ലോജിസ്​റ്റിക്​ കമ്പനിയായ ഡച്ച്​ പോസ്​റ്റ്​ ഡിഎച്ച്​എൽ ആണ്​ പദ്ധതി തുടങ്ങിയത്​. പോസ്​റ്റ്​ബോട്ട്​ എന്നറിയപ്പെടുന്ന സംവിധാനത്തിന്​ കീഴിൽ 150 കി​ലോ വരെ ഭാരം വഹിക്കുകയും ലക്ഷ്യസ്​ഥാനത്ത്​ എത്തിക്കാനും സാധിക്കും. ഒാൺലൈൻ വ്യാപാരം വ്യാപകമായതോടെയാണ്​ തപാൽ ജീവനക്കാർക്ക്​ ദുരിതം തുടങ്ങിയത്​. വലിയ ഉരുപ്പടികളാണ്​ ഇവർക്ക്​ വഹിക്കേണ്ടി വരുന്നത്​. നിലവിൽ ഇവർക്ക്​ ഇലക്​ട്രിക്ക്​ ബൈക്കുകൾ ഉണ്ടെങ്കിലും തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന്​ പരിമിതികൾ ഉണ്ട്​.

പുതുതായി രംഗത്തിറങ്ങിയ റോബോട്ടിന്​ ആറ്​ തട്ടുകളുണ്ട്​. തപാൽ ജീവനക്കാരുടെ കാലിന്‍റെ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള സെൻസര്‍ സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്​. ഏത്​ കാലാവസ്​ഥയിലും ഇവ പ്രവർത്തിക്കും. വിതരണം നടത്തുന്ന ജീവനക്കാർ നിലവിൽ മികച്ച ജോലിയാണ്​ ചെയ്യുന്നതെന്നും എന്നാൽ അവർ വലിയ ​പ്രയാസം അനുഭവിക്കുന്നതായും കമ്പനി അധികൃതർ പറയുന്നു. പുതിയ സംവിധാനം ഇതിന്​ പരിഹാരമാണ്​.

ഫ്രഞ്ച്​ കമ്പനിയായ എഫിഡൻസ്​ ആണ്​ പോസ്​റ്റ്​ ബോട്ട്​ രൂപകൽപ്പന ചെയ്​തത്​. പരീക്ഷണ വിതരണത്തി​ന്‍റെ ഭാഗമായി രണ്ട്​ ജില്ലകളിൽ ആറ്​ ആഴ്​ച പ്രവർത്തിക്കും. തുടർന്ന്​ ആവശ്യമായ മാറ്റങ്ങൾ വരുത്തി പദ്ധതി വ്യാപകമാക്കുമെന്നും കമ്പനി അധികൃതർ പറയുന്നു. അന്താരാഷ്​ട്ര തപാൽ ദിനം ഒക്​ടോബർ ഒമ്പതിനാണ്​.