ദില്ലി: ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ വന്‍ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഹിമാലയന്‍ പര്‍വ്വതനിരകളിലെ 33 ശതമാനം മഞ്ഞും ഈ നൂറ്റാണ്ടിന്‍റെ പകുതിയോടെ ഉരുകി ഒലിക്കുമെന്നാണ് ശാസ്ത്രസമൂഹത്തിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ആഗോളതാപനം വ്യാവസായവൽക്കരണ കാലത്തേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നാല്‍ അത് ഹിമാലയത്തിലെ മഞ്ഞുപാളികളെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ നേരത്തെ തന്നെ ചുണ്ടികാട്ടിയത്. 

എന്നാല്‍ ഇതിനുമപ്പുറം മഞ്ഞുപാളികളെ മാത്രമല്ല ശൈത്യകാലത്തു ലഭിക്കുന്ന മഞ്ഞിന്‍റെ അളവിനെ പോലും ബാധിക്കുമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം മഞ്ഞു കെട്ടിക്കിടന്നാണ് പതിറ്റാണ്ടുകള്‍ കൊണ്ട് പുതിയ മഞ്ഞു പാളികള്‍ രൂപപ്പെടുക. അതായത് നിലവിലെ മഞ്ഞുപാളികള്‍ ഉരുകിയൊലിച്ചാലും അവയുടെ സ്ഥാനത്ത് പുതിയ മഞ്ഞുപാളികള്‍ രൂപപ്പെടാനുള്ള സാഹചര്യം മൂന്നിലൊന്നായി കുറയുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വടക്കന്‍ പ്രദേശങ്ങളിലെ നദികളിലേക്കുള്ള മുഖ്യ ജലസ്രോതസ്സാണ് ഈ മഞ്ഞു പാളികള്‍. ഒപ്പം ചൈനയുടെ പടിഞ്ഞാറന്‍ മേഖലയിലെ നദികളുടേയും. മഞ്ഞുപാളികളുടെ അളവു കുറയുന്നതോടെ അവ ഇല്ലാതാകുകയും നദികളിലെ ജലത്തിന്റെ അളവ് ക്രമേണ കുറയുകയും ചെയ്യും. ഇത് ഉത്തരേന്ത്യന്‍ മേഖലയില്‍ വന്‍ വരള്‍ച്ചക്കു തന്നെ കാരണമാകും. ഈ വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാന്‍ പോകുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ഗവേഷകരുടെ മുന്നറിയിപ്പു പട്ടികയില്‍ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുണ്ട്. 

രാജ്യാന്തര സംഘടനയായ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ആഗോളതാപനം ഏറ്റവുമധികം ആഘാതമേല്‍പ്പിക്കുന്ന പ്രദേശങ്ങളിലൊന്നാകും ഹിന്ദുക്കുഷ് ഹിമാലയന്‍ പര്‍വ്വത മേഖലകളെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. കാരണം ഭൂമിയിലെ ശരാശരി താപനിലയില്‍ 1.5 ശതമാനം വർധനവുണ്ടായാല്‍ ഹിമാലയത്തിൽ ഇതു സൃഷ്ടിക്കുക 2.1 ഡിഗ്രി സെല്‍ഷ്യസിന്റെ വർധനവായിരിക്കും.