ഗൂഗിളിന് ഇന്ന് 21-ാം പിറന്നാള്‍. പ്രത്യേക ഡൂഡില്‍ ആര്‍ട്ടിലൂടെയാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിക്കുന്നത്. ബോക്സ് കമ്പ്യൂട്ടറില്‍ ഗൂഗിളിന്‍റെ ബ്രൗസറുള്ള ചിത്രമാണ് ഗൂഗിള്‍ ജന്മദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. 27-9-98 എന്ന തീയതിയും ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 

1988 -ലാണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ സെര്‍ജി ബ്രിനും ലാറി പേജും ഗൂഗിളിന് രൂപം നല്‍കുന്നത്. അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. 

അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി.