ഗൂഗിൾ അതിന്‍റെ പുതിയ എഐ മോഡലായ ജെമിനൈ ഓംനി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് ഉപയോക്താക്കൾക്ക് ടെക്സ്റ്റ് നിർദേശങ്ങൾ നൽകി വീഡിയോകൾ എഡിറ്റ് ചെയ്യാൻ സഹായിക്കുന്നു. ഡിജിറ്റൽ അവതാർ നിർമ്മാണം, കോൺവർസേഷണൽ എഡിറ്റിംഗ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) അധിഷ്‍ഠിത വീഡിയോ എഡിറ്റിംഗ് രംഗത്ത് വലിയ മുന്നേറ്റവുമായി ഗൂഗിൾ. ഉപയോക്താക്കൾക്ക് വെറും ടെക്സ്റ്റ് നിർദേശങ്ങൾ നൽകി വീഡിയോ എഡിറ്റ് ചെയ്യാൻ കഴിയുന്ന ജെമിനൈ ഓംനി (Gemini Omni) സംവിധാനം ഇന്ത്യയിലേക്കും വ്യാപിപ്പിച്ചതായി ഗൂഗിൾ പ്രഖ്യാപിച്ചു. ഈ ഫീച്ചർ ജെമിനി ആപ്പിലും വെബ് പ്ലാറ്റ്‌ഫോമിലുമാണ് ലഭ്യമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗൂഗിളിന്‍റെ ഏറ്റവും പുതിയ മൾട്ടിമോഡൽ എഐ മോഡലായ ജെമിനൈ ഓംനി, ടെക്സ്റ്റ്, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ എന്നിവ മനസിലാക്കാനും അതനുസരിച്ച് പുതിയ കോണ്ടന്‍റുകൾ സൃഷ്‍ടിക്കാനും സാധിക്കുന്ന സാങ്കേതികവിദ്യയാണ്. നിലവിൽ വീഡിയോ എഡിറ്റിംഗിനാണ് പ്രധാനമായും ഈ സംവിധാനം ഉപയോഗിക്കുന്നത്.

ജെമിനൈ ഓംനി ഉപയോഗിക്കാൻ ഉപയോക്താക്കൾ ആദ്യം ഒരു വീഡിയോ ക്ലിപ്പ് ജെമിനി പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്യണം. തുടർന്ന് “ഈ സീനിന് സിനിമാറ്റിക് ലുക്ക് നൽകുക”, “ബാക്ക്‌ഗ്രൗണ്ട് മാറ്റുക”, “നീയോൺ ലൈറ്റിംഗ് ചേർക്കുക” തുടങ്ങിയ ലളിതമായ ടെക്സ്റ്റ് നിർദേശങ്ങൾ നൽകാം. അതനുസരിച്ച് എഐ വീഡിയോയിൽ മാറ്റങ്ങൾ വരുത്തും.

ഒറ്റ പ്രോംപ്റ്റിൽ എല്ലാ നിർദേശങ്ങളും നൽകേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ചാറ്റ് ചെയ്യുന്നതുപോലെ തുടർച്ചയായി നിർദേശങ്ങൾ നൽകി വീഡിയോ മെച്ചപ്പെടുത്താൻ കഴിയുന്ന “കൺവേഴ്സേഷണൽ എഡിറ്റിംഗ്” സംവിധാനവും ജെമിനൈ ഓംനിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് നൽകിയ നിർദേശങ്ങൾ മോഡൽ ഓർത്തുവയ്ക്കുന്നതിനാൽ ഓരോ തവണയും വീണ്ടും വിശദീകരിക്കേണ്ടതില്ല.

ഉപയോക്താക്കളുടെ സ്വന്തം ശബ്‍ദം ഉപയോഗിച്ച് ഡിജിറ്റൽ അവതാർ സൃഷ്‌ടിക്കാനാകുന്ന 'അവതാർസ്' ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചു. ഇതിലൂടെ വ്യക്തിയുടെ ഡിജിറ്റൽ രൂപം ഉപയോഗിച്ച് വീഡിയോകൾ നിർമ്മിക്കാൻ കഴിയും. എന്നാൽ നിലവിൽ ചില നിയന്ത്രണങ്ങളും നിലനിൽക്കുന്നു. ഇപ്പോൾ പരമാവധി 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ് സൃഷ്‍ടിക്കാനോ എഡിറ്റ് ചെയ്യാനോ കഴിയുക. ഭാവിയിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾക്ക് പിന്തുണ നൽകുമെന്ന് ഗൂഗിൾ അറിയിച്ചു.

എഐ ഉപയോഗിച്ച് സൃഷ്‍ടിച്ച വീഡിയോകൾ തിരിച്ചറിയാൻ ഗൂഗിളിന്‍റെ സിന്ത് ഐഡി ഡിജിറ്റൽ വാട്ടർമാർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ എഐ ജനറേറ്റഡ് കോണ്ടന്‍റുകൾ തിരിച്ചറിയാൻ ഉപയോക്താക്കൾക്ക് സഹായകരമാകും. ജെമിനി ഓംനി ഫീച്ചർ ഗൂഗിൾ എഐ പ്ലസ്, പ്രോ, അൾട്രാ സബ്സ്ക്രൈബർമാർക്കാണ് ഇപ്പോൾ ലഭ്യമാകുന്നത്. യൂട്യൂബ് ഷോർട്‍സിലും യൂട്യൂബ് ക്രിയേറ്റിലുമായി ഈ സാങ്കേതികവിദ്യ ഉടൻ കൂടുതൽ വ്യാപകമാക്കാനാണ് ഗൂഗിളിന്‍റെ പദ്ധതി.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News