കോൾഡ് റിവർ എന്ന റഷ്യൻ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പാണ് ഈ മാൽവെയർ വികസിപ്പിച്ചതെന്ന് സൂചന

വാഷിംഗ്‌ടണ്‍: പുതിയതും അപകടകരവുമായ ഒരു മാൽവെയർ ഗൂഗിൾ കണ്ടെത്തി. 'LOSTKEYS' എന്ന് പേരുള്ള മാൽവെയറാണ് കണ്ടെത്തിയത്. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസുമായി (എഫ്എസ്ബി) ബന്ധമുള്ളതായി കരുതപ്പെടുന്ന കോൾഡ് റിവർ എന്ന റഷ്യൻ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പാണ് ഈ മാൽവെയർ വികസിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിളിന്‍റെ ത്രെറ്റ് ഇന്‍റലിജൻസ് ഗ്രൂപ്പ് (ജിടിഐജി) പുറത്തിറക്കിയ റിപ്പോർട്ടിലും ബ്ലോഗ് പോസ്റ്റിലുമാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഗൂഗിൾ ഗവേഷകനായ വെസ്ലി ഷീൽഡ്സിന്‍റെ അഭിപ്രായത്തിൽ, കോൾഡ് റിവറിന്‍റെ സൈബർ വൈദഗ്ധ്യത്തിലെ പുതിയതും അപകടകരവുമായ ഒരു ടൂളാണ് LOSTKEYS എന്ന മാൽവെയർ. സിസ്റ്റത്തിൽ നിന്ന് ഫയലുകൾ മോഷ്ടിക്കാനും ഉപകരണവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ഓപ്പറേറ്റർമാർക്ക് നിശബ്‍ദമായി അയയ്ക്കാനും ഈ മാൽവെയറിന് കഴിയും. ഇത് ഗ്രൂപ്പിന്‍റെ സൈബർ ചാരവൃത്തി ടൂൾകിറ്റിനെ കൂടുതൽ മാരകമാക്കുന്നു.

മറ്റ് പല പേരുകളിലും അറിയപ്പെടുന്ന ഗ്രൂപ്പാണ് റഷ്യയുടെ പിന്തുണയുള്ള കോൾഡ് റിവർ എന്നാണ് റിപ്പോർട്ടുകൾ. ഇവർ മുമ്പ് പാശ്ചാത്യ സർക്കാരുകൾ, സൈനിക ഉപദേഷ്ടാക്കൾ, മാധ്യമ പ്രവർത്തകർ, യുക്രെയ്‌നുമായി ബന്ധപ്പെട്ട സംഘടനകൾ എന്നിവരെ ലക്ഷ്യമിട്ടിട്ടുണ്ട്. റഷ്യയുടെ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി രഹസ്യ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്‍റെ പ്രധാന ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിളിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 2025 ജനുവരി മുതൽ ഏപ്രിൽ വരെ, ഈ ഹാക്കർ ഗ്രൂപ്പ് പാശ്ചാത്യ രാജ്യങ്ങളുടെ നിലവിലുള്ളതും മുൻ ഉപദേശകരെയും ലക്ഷ്യമിട്ടു. ഇതിനുപുറമെ മാധ്യമ പ്രവർത്തകർ, എൻ‌ജി‌ഒകൾ, തന്ത്രപരമായ സ്ഥാപനങ്ങൾ തുടങ്ങിയവയും അവരുടെ ലക്ഷ്യങ്ങളായിരുന്നു.

അതേസമയം പ്രധാന സൈബർ ആക്രമണങ്ങളുടെ പേരിൽ കോൾഡ് റിവർ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 2022-ൽ, മൂന്ന് യുഎസ് ആണവ ഗവേഷണ ലാബുകൾ ലക്ഷ്യമിട്ടതായി ഈ സംഘം അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ, മുൻ ബ്രിട്ടീഷ് ഇന്റലിജൻസ് മേധാവി സർ റിച്ചാർഡ് ഡിയർലോവിന്‍റെ സ്വകാര്യ ഇമെയിലുകൾ ചോർന്നിരുന്നു. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന നിരവധി വ്യക്തികളുടെ മോയിലുകളും ഈ ചോർച്ചയിൽ ഉൾപ്പെട്ടിരുന്നു.

വർദ്ധിച്ചുവരുന്ന സൈബർ ഭീഷണിയെക്കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. LOSTKEYS പോലുള്ള മാൽവെയറുകളുടെ ആവിർഭാവം, സ്റ്റേറ്റ് സ്പോൺസർ ചെയ്ത സൈബർ ചാരവൃത്തി കൂടുതൽ സങ്കീർണ്ണമാകുമെന്ന് കാണിക്കുന്നുവെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. സൈബർ സുരക്ഷാ നടപടികൾ അപ്‌ഡേറ്റ് ചെയ്യാനും ജാഗ്രത പാലിക്കാനും എല്ലാ സാധ്യതയുള്ള ലക്ഷ്യങ്ങൾക്കും ഗൂഗിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം