സോഷ്യൽ മീഡിയയിലോ വെബ്‌സൈറ്റുകളിലോ കണ്ടെത്തുന്ന റെസ്റ്റോറന്റുകളോ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങളോ ഓർത്തുവയ്ക്കാൻ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നവർക്ക് ഈ ഫീച്ചർ വലിയൊരു ആശ്വാസമാണ്

ഐഫോൺ ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്‌സ് പുതിയൊരു സ്മാർട്ട് സ്‌ക്രീൻഷോട്ട് ഫീച്ചർ അവതരിപ്പിച്ചു. സ്‌ക്രീൻഷോട്ടുകളിൽ ഉൾപ്പെട്ട ലൊക്കേഷൻ പേര് അല്ലെങ്കിൽ വിലാസം തിരിച്ചറിഞ്ഞ് അവയെ "സ്‌ക്രീൻഷോട്ടുകൾ" എന്ന പ്രത്യേക ലിസ്റ്റിൽ സംരക്ഷിക്കുന്ന ഈ സവിശേഷത, യാത്രാ വിവരങ്ങളും റൂട്ടുകളും തയ്യാറാക്കുന്നതും, പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നതും എളുപ്പമാക്കും. 

എങ്ങനെ പ്രവർത്തിക്കുന്നു?

സോഷ്യൽ മീഡിയയിലോ വെബ്‌സൈറ്റുകളിലോ കണ്ടെത്തുന്ന റെസ്റ്റോറന്റുകളോ വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങളോ ഓർത്തുവയ്ക്കാൻ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നവർക്ക് ഈ ഫീച്ചർ വലിയൊരു ആശ്വാസമാണ്. പുതിയ സവിശേഷത പ്രകാരം, ഒരു സ്‌ക്രീൻഷോട്ട് എടുക്കുമ്പോൾ, ഗൂഗിൾ മാപ്‌സ് അതിലെ ലൊക്കേഷൻ വിവരങ്ങൾ AI-യുടെ സഹായത്തോടെ തിരിച്ചറിയുകയും, ഒരു ലിസ്റ്റിൽ സംരക്ഷിക്കുകയും ചെയ്യും. 

ഈ ഫീച്ചർ ഉപയോഗിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം 

ഗൂഗിൾ മാപ്‌സ് അപ്‌ഡേറ്റ് ചെയ്യുക: ഏറ്റവും പുതിയ പതിപ്പ് ഉറപ്പാക്കുക. You എന്ന ടാബ് ഓപ്ഷൻ തുറക്കുക: ആപ്പിൽ താഴെയുള്ള ടാബിലേക്ക് പോകുക. "സ്‌ക്രീൻഷോട്ടുകൾ" ലിസ്റ്റ്: "സ്‌ക്രീൻഷോട്ടുകൾ" എന്ന പേര് ഉള്ള പുതിയ സ്വകാര്യ ലിസ്റ്റ് തിരഞ്ഞെടുക്കുക. സ്‌ക്രീൻഷോട്ട് അപ്‌ലോഡ്: ലൊക്കേഷൻ വിവരങ്ങൾ അടങ്ങിയ സ്‌ക്രീൻഷോട്ടുകൾ അപ്‌ലോഡ് ചെയ്യുക. (കുറിപ്പ്: ഫോട്ടോസ് ആപ്പിലേക്കുള്ള ആക്‌സസ് അനുവദിക്കേണ്ടതുണ്ട്.) ലൊക്കേഷൻ സംരക്ഷിക്കുക: ഗൂഗിൾ മാപ്‌സ് തിരിച്ചറിഞ്ഞ ലൊക്കേഷനുകൾ "റിവ്യൂ" ഇന്റർഫേസിൽ കാണാം. ഇവ "സംരക്ഷിക്കുക" അല്ലെങ്കിൽ "സംരക്ഷിക്കരുത്" എന്ന് തിരഞ്ഞെടുക്കാം. ഉപയോക്താക്കൾക്ക് "ഓട്ടോ-സ്‌കാൻ" ഓപ്ഷൻ ഉപയോഗിച്ച്, 

ഗൂഗിൾ മാപ്‌സിന് ഫോണിലെ എല്ലാ സ്‌ക്രീൻഷോട്ടുകളും സ്കാൻ ചെയ്യാൻ അനുവദിക്കാം. ഇത് ലൊക്കേഷൻ വിവരങ്ങൾ തിരിച്ചറിഞ്ഞ് ഒരു ലിസ്റ്റ് തയ്യാറാക്കും. എന്നാൽ, ഇതിന് ഫോട്ടോ ഗാലറിയിലേക്കുള്ള പൂർണ ആക്‌സസ് ആവശ്യമാണ്. ഈ ഓപ്ഷൻ ഓണാക്കാനോ ഓഫാക്കാനോ ഒരു ടോഗിൾ ബട്ടൺ ലഭ്യമാണ്. 

മുഴുവൻ ഗാലറിയും സ്കാൻ ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് സ്വമേധയാ സ്‌ക്രീൻഷോട്ടുകൾ തിരഞ്ഞെടുക്കാനും സാധിക്കും. ഈ സവിശേഷത യാത്രാ ആസൂത്രണം, പുതിയ സ്ഥലങ്ങൾ കണ്ടെത്തൽ, റെസ്റ്റോറന്‍റുകൾ ഓർത്തുവയ്ക്കൽ എന്നിവയെ കൂടുതൽ സൗകര്യപ്രദമാക്കുന്നു. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ ഈ ഫീച്ചർ, ഉടൻ തന്നെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു. ഈ പുതിയ സവിശേഷത ഉപയോഗിച്ച്, സോഷ്യൽ മീഡിയയിലോ വെബ്‌സൈറ്റുകളിലോ കണ്ടെത്തുന്ന രസകരമായ സ്ഥലങ്ങൾ എളുപ്പത്തിൽ സേവ് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം