ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ ഡ്രൈവറില്ലാത്ത കാര്‍ എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ എഞ്ചിനീയര്‍മാരില്‍ ഒരാളായിരുന്നു ആന്‍റണി ലെവന്‍റോവസ്കി. ഗൂഗിളിലെ ഏറ്റവും വിലയേറിയ എഞ്ചിനീയറായിരുന്നു 2013 ല്‍ ഇദ്ദേഹം. എന്നാല്‍ നാല് കൊല്ലത്തിന് ഇപ്പുറം റഷ്യന്‍ വംശജനായ ഈ എഞ്ചിനീയര്‍ ഗൂഗിളിന്‍റെ ഏറ്റവും വലിയ ശത്രുവായിരിക്കുന്നു എന്നാണ് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗൂഗിളിന്‍റെ മാതൃക കമ്പനി ആല്‍ഫബെറ്റിന്‍റെ കീഴിലെ വെമോ എന്ന കമ്പനി ഇദ്ദേഹത്തിന് എതിരെ ഒരു കേസ് കൊടുത്തിരിക്കുകയാണ്. ഗൂഗിള്‍ ആല്‍ഫബെറ്റിന്‍റെ കീഴില്‍ ആയതിന് ശേഷം ഡ്രൈവറില്ലാത്ത കാര്‍ പ്രോജക്ട് നടത്തുന്നത് വെമോ എന്ന കമ്പനിയാണ്. 2016 ജനുവരിയിലാണ് ആന്‍റണി ലെവന്‍റോവസ്കി വെമോയില്‍ നിന്നും പടിയിറങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങളില്‍ ഒന്നായ യൂബറിലാണ് ഇദ്ദേഹം പിന്നീട് ചേര്‍ന്നത്.
വെമോയുടെ ഡിജിറ്റല്‍ ഗവേഷണങ്ങള്‍ കവര്‍ന്നു, ചില കമ്പനി രഹസ്യങ്ങള്‍ മറ്റു ചിലര്‍ക്ക് മറിച്ചു നല്‍കി എന്നിങ്ങനെ വലിയ കുറ്റങ്ങളാണ് ആന്‍റണി ലെവന്‍റോവസ്കിക്ക് എതിരെ വെമോ ആരോപിക്കുന്നത്. ആന്‍റണി ലെവന്‍റോവസ്കി കമ്പനി വിട്ട ശേഷം ഇദ്ദേഹം കമ്പനിയില്‍ ഉണ്ടാകുമ്പോള്‍ നടത്തിയ വെബ് സെര്‍ച്ചും, മെയില്‍ ഇടപാടുകളും ഇദ്ദേഹത്തിന്‍റെ ഡിജിറ്റല്‍ ഫുട്ട്പ്രിന്‍റ് വച്ച് കമ്പനി പരിശോധിച്ചപ്പോഴാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയാണ് ഇത്തരം ഒരു തെളിവ് ശേഖരണം നടത്തിയത് എന്നാണ് ടെക് ലോകത്ത് ഉയരുന്ന മറ്റൊരു വാദം. 2007 ലാണ് ആന്‍റണി ലെവന്‍റോവസ്കി ഗൂഗിളില്‍ ചേര്‍ന്നത്.
