ദില്ലി: ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന അശ്ലീല വീഡിയോകള്‍ തടയാനാകുമോയെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് സുപ്രീംകോടതി ഇടപ്പെട്ടിരിക്കുന്നത്. ജഡ്ജിമാരായ എം.ബി.ലോകൂര്‍, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഗൂഗിളിനോട് അശ്ലീല വീഡിയോകളെ തടയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സമൂഹത്തിന് വന്‍ വിപത്തായി കൊണ്ടിരിക്കുന്ന അശ്ലീല വീഡിയോകളും മറ്റും ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്യുന്നത് തടയാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലൈംഗികാതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്യുന്നത് തടയുന്നതിനുവേണ്ടി ആഭ്യന്തരമായ സംവിധാനങ്ങള്‍ തുടങ്ങാനാണ് സുപ്രീംകോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടത്. 

അശ്ലീല വീഡിയോകള്‍ തടയാന്‍ എന്ത് സഹായത്തിനും തയ്യാറാണെന്ന് ഗൂഗിള്‍ ഇന്ത്യയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി അറിയിച്ചു. ബന്ധപ്പെട്ടവര്‍ അറിയിച്ചാല്‍ അത്തരം വീഡിയോകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യാതൊരു കാലതാമസവും വരുത്തില്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യുവനടിയുടെ അശ്ലീല ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന വാര്‍ത്തയില്‍ ഏതെങ്കിലും ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യ്തിട്ടുണ്ടെങ്കില്‍, സര്‍ക്കാരില്‍നിന്നോ ബന്ധപ്പെട്ട അധികാരികളില്‍നിന്നോ വിവരം ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും ഗൂഗിള്‍ ഇന്ത്യ അറിയിച്ചു.

ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ഇത്തരം വീഡിയോകള്‍ സമൂഹത്തിന് വന്‍ വിപത്തായി കൊണ്ടിരിക്കുന്ന വിഷയമാണ്. ഇത്തരം വീഡിയോകള്‍ കാണുന്ന യുവതീ യുവാക്കളില്‍ കുറ്റകൃത്യത്തിനുള്ള പ്രവണതയും ഒരുപരിധിവരെ വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.