ന്യൂയോര്‍ക്ക്: പരസ്യ ആവശ്യങ്ങള്‍ക്കായി ജിമെയില്‍ സ്‌കാന്‍ ചെയ്തു കൊണ്ടിരുന്നത് അവസാനിപ്പിക്കുകയാണെന്ന് സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍. ജിമെയില്‍ പരസ്യങ്ങള്‍ മറ്റ് ഉത്പന്നങ്ങളിലെ പരസ്യങ്ങള്‍ക്ക് സമാനമായ രീതിയിലാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് ജിമെയില്‍ സ്‌കാനിംഗ് അവസാനിപ്പിച്ചതെന്ന് ഗൂഗിള്‍ ക്ലൗഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡയന്‍ ഗ്രീന്‍ പറഞ്ഞു. 

യൂസര്‍ സെറ്റിംഗുകളുടെ അടിസ്ഥാനത്തിലാകും ഇനി ഗൂഗിള്‍ ആഡ് പേഴ്‌സണലൈസേഷന്‍ നടത്തുന്നതെന്നും ഗൂഗിള്‍ ബ്ലോഗില്‍ വ്യക്തമാക്കി. ഗൂഗിളിന്റെ ബിസിനസ് സര്‍വീസായ ജി സ്യൂട്ട് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നവരുടെ ജിമെയില്‍ സന്ദേശങ്ങള്‍ ഗൂഗിള്‍ നേരത്തെ തന്നെ സ്‌കാന്‍ ചെയ്യാറില്ല. സൗജന്യമായി ജിമെയില്‍ ഉപയോഗിക്കുന്നവരുടെ മെയില്‍ ബോക്‌സ് സ്‌കാന്‍ ചെയ്ത് കമ്പനിക്ക് യൂസേഴ്‌സിനെകുറിച്ച് അറിയാവുന്ന മറ്റ് കാര്യങ്ങള്‍ കൂടി കൂട്ടിയോജിപ്പിച്ചാണ് എന്ത് പരസ്യമാണ് കാണിക്കേണ്ടതെന്ന് തീരുമാനിച്ചിരുന്നത്.

72 ഭാഷകളിലായി ഒരു ബില്യണ്‍ ആളുകളാണ് സൗജന്യമായി ജിമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ ആളുകളുടെ ജിമെയിലില്‍ പരസ്യങ്ങള്‍ കാണിക്കുന്നത് ഗൂഗിള്‍ അവസാനിപ്പിക്കുന്നില്ല. മറിച്ച് പരസ്യങ്ങള്‍ക്കായി വിവരങ്ങള്‍ ശേഖരിക്കുന്നത് മാത്രമാണ് അവസാനിക്കുന്നത്.