ന്യൂയോര്‍ക്ക്: പറക്കും കാറുകള്‍ എന്ന സ്വപ്നവുമായി ഗവേഷണം നടത്തുന്ന സ്റ്റാര്‍ട്ടപ്പിന് സാമ്പത്തിക സഹായവുമായി ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറിപ്പേജ്. ഏതാണ്ട് 100 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ഈ പദ്ധതിയില്‍ ലാറിയുടെ നിക്ഷേപം എന്നാണ് സൂചന. സീ.ഏറോ എന്നാണ് ഇദ്ദേഹം പണം മുടക്കിയ സ്റ്റാര്‍ട്ട് അപ്പിന്‍റെ പേര്.

2010 മുതല്‍ ഇതുവരെ ഈ പറക്കും കാറിന്‍റെ ഗവേഷണത്തിനും പരീക്ഷണ പറക്കലിനുമായി ലാറിപേജ് ഈ കമ്പനിയില്‍ മുടക്കിയത് 100 ദശലക്ഷം അമേരിക്കന്‍ ഡോളറാണെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാസയുടെ സഹായവും ഈ ഗവേഷണത്തില്‍ ഈ സ്റ്റാര്‍ട്ട്അപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇത്തരത്തിലുള്ള ഗവേഷണം നടത്തുന്ന കിറ്റി ഹാക്ക് എന്ന സ്ഥാപനത്തിലും ലാറി പണം മുടക്കിയിട്ടുണ്ടെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവര്‍ പ്രത്യേക തരം ട്രോണുകളാണ് നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതിനിടയില്‍ പറക്കും കാറുകളുടെ ഒരു പരീക്ഷണ പറക്കല്‍ കാലിഫോര്‍ണിയയിലെ ഹോളിസ്റ്റര്‍ ഏയര്‍പോര്‍ട്ടില്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.