ഹാക്കര്‍മാര്‍ക്ക് ആളുകളുടെ ചിന്തകള്‍ നിരീക്ഷിച്ച് പാസ്സ്‌വേര്‍ഡ്‌, പിന്‍ എന്നിവയെല്ലാം കണ്ടുപിടിക്കാന്‍ പറ്റുമെന്ന് പഠനം. ബ്രെയിന്‍വേവുകള്‍ തിരിച്ചറിയാന്‍ പറ്റുന്ന ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ഇതുകൊണ്ടുതന്നെ അത്യാവശ്യമാണ് എന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നു. ബര്‍മിംഗ്ഹാമിലെ യൂണിവേഴ്‌സിറ്റി ഒഫ് അലബാമയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ഇലക്ട്രോഎന്‍സഫാലോഗ്രാഫ് ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് റോബോട്ടിക് കളിപ്പാട്ടങ്ങളും വീഡിയോ ഗെയിമുകളും മനസുകൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കും. ഇങ്ങനെയുള്ള ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതിനിടയില്‍ ബാങ്ക് അക്കൌണ്ട് ലോഗിന്‍ ചെയ്തു എന്നിരിക്കട്ടെ. ഹെഡ്‌സെറ്റില്‍ പ്രോഗ്രാം ചെയ്തിരിക്കുന്ന ഏതെങ്കിലും അപകടകാരിയായ സോഫ്റ്റ്‌വെയറിന് മനസ്സില്‍ ചിന്തിച്ച പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്തിയെടുക്കാന്‍ വരെ പറ്റുമത്രേ. 

ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ വന്നതോടെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ നിരവധി സാദ്ധ്യതകള്‍ തെളിഞ്ഞുകിട്ടി. പക്ഷേ അതേസമയം തന്നെ ഇവ നിരവധി സുരക്ഷാപ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ടെന്നു ഗവേഷകസംഘത്തിലെ ഇന്ത്യക്കാരനായ ശാസ്ത്രജ്ഞന്‍ നിതേഷ് സക്‌സേന പറഞ്ഞു. ഇത്തരത്തിലുള്ള ഹെഡ്‌സെറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

മതിയായ ട്രെയിനിംഗ് നല്‍കിയ മാല്‍വെയറുകള്‍ ഉപയോഗിക്കുമ്പോള്‍ ഹാക്കര്‍ക്ക് കൂടുതല്‍ കൃത്യമായി പാസ്സ്‌വേര്‍ഡ്‌, പിന്‍ എന്നിവ ചോര്‍ത്തിയെടുക്കാനാവും. ഇതോടെ നാലക്കമുള്ള പിന്‍ കൃത്യമായി ഊഹിച്ചെടുക്കുന്നതില്‍ പതിനായിരത്തില്‍ ഒന്ന് തെരഞ്ഞെടുക്കുന്ന സ്ഥാനത്ത് ഇരുപതില്‍ ഒന്ന് തെരഞ്ഞെടുക്കുന്ന തരത്തിലുള്ള അല്‍ഗരിതം ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നിലവില്‍ തലച്ചോറിലെ സിഗ്‌നലുകള്‍ വായിച്ചെടുക്കുന്ന ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ അധികം സാധാരണമല്ല. എന്നാല്‍ ഇവ എല്ലാവരും ഉപയോഗിക്കാന്‍ പോകുന്ന ഒരു കാലമാണ് വരാന്‍ പോകുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയുള്ള റിസ്‌കുകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാവേണ്ടത് വളരെ അത്യാവശ്യമാണ്.

ക്ലിനിക്കല്‍ ഗ്രേഡിലുള്ള ഹെഡ്‌സെറ്റാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. അപകടകാരിയായ ഒരു സോഫ്റ്റ്വെയര്‍ പ്രോഗ്രാമിന് എത്ര എളുപ്പത്തില്‍ ഉപഭോക്താവിന്റെ തലച്ചോറിനുള്ളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പറ്റുമെന്നാണ് ഈ ടീം തെളിയിച്ചത്. ടൈപ്പ് ചെയ്യുമ്പോള്‍ കൈകള്‍, കണ്ണുകള്‍, തലച്ചോറിന്റെ മസിലുകളുടെ ചലനം തുടങ്ങിയവയെല്ലാം ശ്രദ്ധിച്ച് അവ രേഖപ്പെടുത്താന്‍ ഇത്തരം ഹെഡ്‌സെറ്റുകള്‍ക്ക് കഴിയും. ഇത്തരം ഹെഡ്‌സെറ്റുകള്‍ ധരിപ്പിച്ച പന്ത്രണ്ടുപേരെ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.