ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പ്രതീക്ഷിക്കുന്നത് ഏകദേശം മൂന്നു വര്‍ഷം മാത്രമാണെന്ന് ആപ്പിള്‍ തന്നെ വ്യക്തമാക്കുന്നു. ഉപകരണത്തിന്റെ ആദ്യ ഉപയോക്താവിനാണ് ഈ മൂന്നു വര്‍ഷം കിട്ടുമെന്ന് കമ്പനി പറയുന്നത്. എന്നുവച്ചാല്‍, അതുകഴിഞ്ഞ് ഉപകരണം തനിയെ പ്രവര്‍ത്തനശൂന്യമാകുമെന്നല്ല. അതു പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കാം. 

ഈ വെളിപ്പെടുത്തല്‍ ശരിക്കും കുഴയ്ക്കുന്നത് സെക്കന്‍ഡ്ഹാന്‍ഡ് മാര്‍ക്കറ്റില്‍ നിന്നു ആപ്പിള്‍ പ്രൊഡക്ടുകള്‍ വാങ്ങുന്നവരാണ്. എല്ലാ പ്രോഡക്ടും ഇറക്കിയ വര്‍ഷം ഇന്റര്‍നെറ്റില്‍ പരിശോധിച്ച് അതിന്റെ പഴക്കം നിര്‍ണയിക്കാനാവില്ല. കാരണം മാര്‍ച്ച് 2011ല്‍ ഇറക്കിയ ഐപാഡ് 2 കഴിഞ്ഞ വര്‍ഷം വരെ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നു. സെക്കന്‍ഡ്ഹാന്‍ഡ് മാര്‍ക്കറ്റില്‍ നിന്നു പ്രൊഡക്ടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വാങ്ങിയ ഡെയ്റ്റ് അറിയാന്‍ ബില്ലും ആവശ്യപ്പെടണം. ബില്‍ ഇല്ല എന്നാണു പറയുന്നതെങ്കില്‍ ചോദിക്കുന്ന തുക കൊടുക്കരുത്. 

എന്നാല്‍ തങ്ങളുടെ കംപ്യൂട്ടറായ മാക്ബുക്കിന് ഇത് ഏകദേശം നാലു വര്‍ഷം ആയിരിക്കുമെന്നും കമ്പനി വെളിപ്പെടുത്തുന്നുണ്ട്. ആപ്പിള്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നതിനു മറ്റൊരു കാരണമുണ്ടെന്നാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഐപാഡ് 2ന് ഏറ്റവും പുതിയ ഐഒഎസ് 9 വരെ അപ്‌ഡേറ്റ് ആപ്പിള്‍ നല്‍കിയിരുന്നു. 9.3 അപ്‌ഡേറ്റ് ചെയ്ത ചില ഐപാഡുകള്‍ പ്രവര്‍ത്തനരഹിതമാകുകയും, പിന്നെ പാച്ചും റിക്കവറി രീതികളും ഒക്കെയായി വന്ന് ആപ്പിളിന് മുഖം രക്ഷിക്കേണ്ടതായും വന്നു. ഐഫോണ്‍ 4എസ്, ഐഒഎസ് 8 ആപ്‌ഡേറ്റു ചെയ്തപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇനിയുള്ള പ്രൊഡക്ടുകള്‍ക്ക് പരമാവധി മൂന്നു വര്‍ഷം ആയിരിക്കും ആപ്പിള്‍ അപ്‌ഡേറ്റു നല്‍കുക എന്നും കരുതാം. ഓരോ പുതിയ ഐഒഎസ് വേര്‍ഷനും ഏറ്റവും പുതിയ ഹാര്‍ഡ്‌വെയര്‍ സുഗമമായി പ്രവര്‍ത്തിക്കാനായാണ് സൃഷ്ടിക്കുന്നത്.

ഇതോടൊപ്പം ആപ്പിളിന്റെ വരുന്ന പ്രോഡക്ടുകള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമായിരിക്കും എന്നാണ് പറയുന്നത്. തങ്ങളുടെ പ്രൊഡക്ടുകളില്‍, നിരോധനം വരുന്നതിനു മുമ്പുതന്നെ, ലെഡ് ഉപയോഗം നിറുത്തിയിരുന്നതായി കമ്പനി പറയുന്നു.