അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ഗൂഗിള്‍ ആരംഭിച്ച പ്രോജക്‌ട് ലൂണ്‍ പദ്ധതിയുടെ ഭാഗമായുള്ള ബലൂണ്‍ പൊട്ടിത്തകര്‍ന്നു. കെനിയയിലാണ് സംഭവം. ആറുമാസത്തോളമാണ് ഓരോ ബലൂണിന്റെയും സമയപരിധി. ഇത് പിന്നിട്ടതായിരിക്കാം ബലൂണ്‍ പൊട്ടാൻ കാരണമെന്നാണ് വിവരം. കെനിയയിൽ സ്ഥാപിച്ച പത്ത് ബലൂണുകളിൽ ഒന്നാണ് പൊട്ടിപ്പോയത്. 2017 ജൂലൈയിലാണ് ഈ ബലൂണുകള്‍ സ്ഥാപിച്ചത്. ലോകത്തെ ഗ്രാമപ്രദേശങ്ങളിൽ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായാണ് ഗൂഗിള്‍ പ്രോജക്‌ട് ലൂണ്‍ ആരംഭിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രോജക്‌ട് ലൂണ്‍ തുടങ്ങിയിരുന്നു. സാധാരണഗതിയിൽ സമുദ്രനിരപ്പിൽനിന്ന് 11 മൈൽ ഉയരത്തിൽ സ്ട്രാറ്റോസ്‌ഫിയറിലാണ് ബലൂണ്‍ സ്ഥാപിക്കുന്നത്. കാലാവസ്ഥയ്‌ക്ക് അനുസൃതമായി ദിശമാറാനും മറ്റും ഈ ബലൂണുകള്‍ക്ക് സാധിക്കും. ഒരു ബലൂണിന് ഒരു കിലോമീറ്ററിലേറെ പരിധിയിൽ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാൻ സാധിക്കും.